മരം വില്ലനായി, ബൈക്ക് യാത്രികന് പരിക്ക്

മംഗലപുരം : മംഗലപുരം മുരുക്കുംപുഴയിൽ പോസ്റ്റ് ഓഫിസിനു മുൻവശത്തായി റോഡരികിൽ നിന്ന പാഴ്മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു. ഈ സമയത്ത് അതുവഴി വന്ന ബൈക്കിനു മുകളിൽ ശിഖരം വീണ് ബൈക്ക് ഓടിച്ചിരുന്ന മുരുക്കുംപുഴ സ്വദേശി സുജിത്തിന് പരുക്കേറ്റു. തലയ്ക്ക് ഗുരുതര പരുക്കേറ്റ സുജിത്തിനെ ഓടിയെത്തിയ നാട്ടുകാർ  മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.  ശിഖരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടി താറുമാറായി.  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങി. ഫയർഫോഴ്സും എത്തി റോഡിനു കുറുകെ വീണ മരം മുറിച്ചു മാറ്റി.  ഏറെനാളായി ദ്രവിച്ചു നിന്നിരുന്ന മരം മുറിച്ചു മാറ്റണമെന്ന്   പരാതികൾ നൽകിയിരുന്നെങ്കിലും നടപടി  ഉണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു.