ഇത് മരമല്ല മരണക്കെണി, ഉണങ്ങിയ മരം ഭീതി പരത്തുന്നു

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ പ്രധാന റോഡിനു സമീപത്ത് ഉണങ്ങി നിൽക്കുന്ന  വൻ മരം നാട്ടുകാർക്ക് അപകട ഭീഷണിയാകുന്നു. വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ മാവിൻമൂട്ടിലെ വൻമരമാണ് ഉണങ്ങി നിൽക്കുന്നത്. 80 വർഷത്തോളം പഴക്കം ചെന്ന നാട്ടുമാവ് കഴിഞ്ഞ പ്രളയകാലത്തെ മഴയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാശം സംഭവിക്കുകയായിരുന്നു. വലിയ ശിഖരങ്ങളോടു കൂടിയ മരം ഇപ്പോൾ പൂർണമായും ഉണങ്ങിയ അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു വൻശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു ഗതാഗത തടസമുണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രണ്ടാഴ്ച മുൻപും ശിഖരം ഒടിഞ്ഞു വീണിരുന്നു. കാൽനടക്കാരില്ലാതിരുന്നത് അപകടം ഒഴിവായി. ഈ ഭാഗത്താണ് സമാന്തര സർവീസ് വാഹനങ്ങൾ ഉൾപ്പടെയുള്ളവ പാർക്ക് ചെയ്യുന്നത്. സമീപത്തായി പ്രവർത്തിക്കുന്ന വെഞ്ഞാറമൂട് മാർക്കറ്റിലേക്ക് കാൽനടക്കാരും ഏറെയാണ്. വെഞ്ഞാറമൂട് എച്ച്എസ്എസ്, ഗവ.യുപിഎസ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും ഇതുവഴിയാണ് കാൽനടയാത്ര ചെയ്യുന്നത്.
കൂടാതെ തേമ്പാംമൂട് ഭാഗത്തേക്ക് നൂറുകണക്കിനു വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. നാട്ടുകാർ പൊതുമാരമത്തു വകുപ്പിനു പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും വനം വകുപ്പിനെ സമീപിക്കാൻ നിർദേശിച്ചുവെന്നും നാട്ടുകാർ പറയുന്നു. വലിയ ദുരന്തം എത്തുന്നതിനു മുൻപ് മരത്തിന്റെ ശിഖരമെങ്കിലും മുറിച്ചു മാറ്റി അപകട സാധ്യത കുറയ്ക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.