തലസ്ഥാനത്ത് RTOയ്ക്ക് ഫൈനായി ലഭിച്ചത് 11ലക്ഷം രൂപ

രുവനന്തപുരം: തലസ്ഥാനത്ത് RTOയ്ക്ക് ഫൈനായി ലഭിച്ചത് 11,34,450 രൂപ. ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ചാണ് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന് ഫൈനായി 11,34,450 രൂപ ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി മാസത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് 1379 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹെല്‍മെറ്റ് ധരിക്കാതെയും, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് 377 കേസുകളും രജിസ്റ്റര്‍ ചെയ്തു. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന്റെ കണക്കനുസരിച്ച്‌ ഇതാദ്യമായാണ് ഇത്രയും വലിയ തുക ഫൈനായി ലഭിക്കുന്നത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പോലീസ് സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.

മാര്‍ച്ച്‌ മാസത്തിലെ ആദ്യ ആഴ്ചകളില്‍ RTO എന്‍ഫോഴ്‌സ്‌മെന്റിന് ഫൈന്‍ ഇനത്തില്‍ 4 ലക്ഷം രൂപയാണ് ലഭിച്ചത്. എന്നാല്‍ മാസം അവസാനിക്കുമ്ബോള്‍ 15 ലക്ഷം രൂപ ഫൈനായി ലഭിക്കുമെന്നാണ് നിഗമനമെന്ന് അധികൃതര്‍ പറഞ്ഞു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡപകടങ്ങളുടെ കാര്യത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ കഴിഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയതിന് 71 കേസുകളും, ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 67 കേസുകളും, അമിതവേഗതയ്ക്ക് 65 കേസുകളും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 53 കേസുകളും, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് 28 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദിനംപ്രതി അപകടങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവല്‍ക്കരണ ക്ലാസ് നടത്തുമെന്നും ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.