ഇനി തലസ്ഥാന നഗരത്തിന് സഞ്ജയ് കുമാര്‍ ഐ.പി.എസ്സിന്റെ കാവൽ

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ആയി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഐ പി എസ് ഇന്ന്‍ (11/03/2019) രാവിലെ ചാര്‍ജെടുത്തു.

.
മുമ്പ് അതായത് 2015 ഏപ്രില്‍ മുതല്‍ 2016 ഫെബ്രുവരി വരെ ഇദ്ദേഹം തിരുവനന്തപുരം സിറ്റിയില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ക്രമസമാധാനം) ആയി ജോലി നോക്കിയിട്ടുള്ളതുകൊണ്ട് തലസ്ഥാന നഗരത്തിന്‍റെ ഹൃദയമിടിപ്പ് വളരെ നന്നായി അറിയാവുന്ന ആളുതന്നെയാണ് സഞ്ജയ് കുമാര്‍ .

നഗരത്തില്‍ ഒട്ടേറെ സമരപരംബരകള്‍ അരങ്ങേറിയ കാലഘട്ടത്തിലാണ് ഇദ്ദേഹം ഡി സി പി ആയി ജോലി നോക്കിയിരുന്നത്. സെക്രട്ടറിയേറ്റിനും നിയമസഭയ്ക്കും മുന്നിലുള്ള സംഘര്‍ഷ മേഖലകളില്‍ നേരിട്ട് പോലീസിന് നേതൃത്വം നല്‍കാനും, സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാനും അദ്ദേഹത്തിന് സാധിച്ചു.
.
നഗരത്തിലെ ഗതാഗതം സംബന്ധിച്ച് പല പരിഷ്കാരങ്ങളും ഇദ്ദേഹം നടപ്പിലാക്കിയിരുന്നു. ഫുട്പാത്ത് കയ്യേറ്റം അവസാനിപ്പിച്ചതും, നഗരത്തിലെ പാതകളില്‍ പണം കൊടുത്ത് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയതും ഇദ്ദേഹത്തിന്റെ പരിഷ്കാരങ്ങളാണ്.
.
അന്ന്‍ ഓണത്തിരക്ക് ഒഴിവാക്കാനായി നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വളപ്പുകള്‍ പാര്‍ക്കിംഗിനായി തുറന്നുകൊടുത്തത് ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്. ഓണക്കാലത്ത് പുറത്തുനിന്നും പോലീസിനെ ലഭിച്ചിരുന്നില്ല. ശംഖുമുഖത്തും മറ്റും വിരലിലെണ്ണാവുന്ന പോലീസുകാരെ വച്ചാണ് ക്രമസമാധാനം നടത്തിയത്. ഇതിനായി ശംഖുമുഖത്ത് ഉയര്‍ന്ന പ്ലാറ്റ്ഫോമുകള്‍ കെട്ടി അതില്‍ മൈക്ക് സ്ഥാപിച്ച് പോലീസുകാരെ ഇരുത്തി. അവിടെ ഇരുന്നാല്‍ പോലീസിന് ജനങ്ങളെയും, ജനങ്ങള്‍ക്ക് പോലീസിനെയും കാണാം. വെറും അഞ്ച് പോലീസുകാരുമായാണ് ശംഖുമുഖത്തെ ജനങ്ങളെ ഈ രീതിയില്‍ സഞ്ജയ് കുമാര്‍ നിയന്ത്രിച്ചത്.
.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വേളയിലും സിറ്റി പോലീസിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നു.
.
സൈബര്‍ ക്രൈംസ്, സൈബര്‍ സുരക്ഷ, ഡാറ്റ പ്രൊട്ടക്ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സഞ്ജയ് കുമാര്‍ അതീവ ശ്രദ്ധാലുവാണ്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഇദ്ദേഹം എഴുതിയ “നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരാണോ?” എന്ന പുസ്തകമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്ന മലയാളത്തിലെ ഒരുപക്ഷേ ആദ്യത്തെ പുസ്തകം, അതും ഒരു അന്വേഷണോദ്യോഗസ്ഥന്റെ അനുഭവങ്ങളിലൂടെ.

സൈബർ സുരക്ഷ, ഓൺലൈൻ ബുള്ളിയിങ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളെ കുറിച്ച് ദിവസവും വായിക്കുകയൂം സംസാരിക്കുകയും ചെയ്യുമെങ്കിലും എങ്ങനെ ഇവയെ പ്രതിരോധിക്കണം, ഒരു കുട്ടി സൈബർ അതിക്രമങ്ങൾക്ക് ഇരയായാൽ എന്തുചെയ്യണം എന്ന കാര്യങ്ങളെക്കുറിച്ചൊക്കെ മിക്കവാറും രക്ഷിതാക്കൾ അജ്ഞരാണ്. ആ അജ്ഞത തന്നെയാണ് കുറ്റവാളി ചൂഷണം ചെയ്യുന്നത്. അതിനു പുറമേ, അപകടം സംഭവിച്ചാൽ പുറത്തു പറയാൻ സാധിക്കാത്തവിധം അപകർഷതാ ബോധം, സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന ഭയം, അങ്ങനെ നിരവധി പ്രശ്നങ്ങൾ വേറെയും. ഇവിടെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഈ പുസ്തകം ലഭ്യമാണ്.

സൈബര്‍ സുരക്ഷയെക്കുറിച്ച് സഞ്ജയ് കുമാര്‍ ധാരാളം ലേഖനങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പല മാധ്യമങ്ങളിലും എഴുതിയിട്ടുണ്ട്, എഴുത്ത് തുടരുന്നുമുണ്ട്. 9, 10 ക്ലാസ്സുകളിലെ സോഷ്യല്‍ സയന്‍സ്, ഐ.ടി തുടങ്ങിയ പാഠപുസ്തകങ്ങളില്‍ ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
.
മൊബൈൽ ആപ്പുകളേയും അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളേയും കുറിച്ച് മനോരമ ഓൺലൈനിൽ ഇദ്ദേഹം എഴുതിയ ലേഖനവും, “Armour Your Kid” (Strategies of Digital Parenting) എന്ന ലേഖനവും വളരെ ശ്രദ്ധേയമാണ്.