പെരുമാറ്റ ചട്ടം ലംഘിച്ച യു.ഡി.എഫിന്റെ ചുവരെഴുത്ത് ഇലക്ഷൻ കമ്മീഷൻ അഴിപ്പിച്ചു

വക്കം : മതസ്പർദ്ധ വളർത്തുന്ന രീതിയിൽ ഇലക്ഷൻ പ്രചരണം നടത്താൻ പാടില്ലെന്ന ഇലക്ഷൻ കമ്മീഷന്റെ പെരുമാറ്റ ചട്ടം ലംഘിച്ച യു.ഡി.എഫിന്റെ ചുവരെഴുത്ത് ഇലക്ഷൻ കമ്മീഷൻ തിരുത്തി. ആറ്റിങ്ങൽ മണ്ഡലത്തിലെ വക്കത്താണ് സംഭവം. മതപരമായ ആശയം ഉൾക്കൊള്ളിച്ച യു.ഡി.എഫിന്റെ ചുവരെഴുത്തിനെതിരെയാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി. യു.ഡി.എഫ്‌ പ്രവർത്തകർ ശബരിമല വിഷയം പ്രചരണായുധമാക്കി ചുവരെഴുതിയതിനെതിരെ ഡി.വൈ.എഫ്‌.ഐ വക്കം മേഖലകമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. ഇലക്ഷൻ കമ്മീഷന്റെ മെബൈൽ ആപ്പ് വഴിയാണ് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ഇലക്ഷൻ കമ്മീഷനിൽ നിന്നും ഉദ്യോഗസ്ഥർ എത്തി ചുവരെഴുത്ത് തിരുത്താൻ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ബിഷ്ണുവിനെയും ഡി.വൈ.എഫ്‌.ഐ ഭാരവാഹികളെയും വിളിച്ച് അവരുടെ സാനിദ്ധ്വത്തിൽ ബിഷ്ണുവിനെ കൊണ്ട് അത് മായ്പ്പിച്ച ശേഷം താക്കീത് നൽകി.