ബി.ജെ.പി രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി :ഉമ്മൻ‌ചാണ്ടി

ആറ്റിങ്ങല്‍: യു.ഡി.എഫ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍െവെന്‍ഷന്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മൂന്നുമുക്ക് സൺ ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടന്നത്.

രാജ്യത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണ് ബി.ജെ.പി. രാജ്യമെമ്പാടും ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് പുറന്തള്ളാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മറ്റ് കക്ഷികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. ദേശീയതലത്തില്‍ സി.പി.ഐ.യും സി.പി.എമ്മും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കോണ്‍ഗ്രസിനൊപ്പം മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ സ്ഥിതി മറിച്ചാണ്. അഞ്ചുവര്‍ഷം ഭരിച്ചിട്ടും തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഒന്നുപോലും പ്രാവര്‍ത്തികമാക്കാന്‍ മോദിക്ക് കഴിഞ്ഞില്ല.കേരളത്തില്‍ സി.പി.എം.കൊലപാതകരാഷ്ട്രീയമാണ് നടത്തുന്നത്. പിണറായി സര്‍ക്കാര്‍ വന്‍ പരാജയമാണ്. കര്‍ഷകരുടെ ആത്മഹത്യ പെരുകിയിട്ടും അവര്‍ക്ക് ആശ്വാസം പകരുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ഉദ്‌ഘാടന വേളയിൽ പറഞ്ഞു.


ഡി.സി.സി.പ്രസിഡന്റ് കരകുളം കൃഷ്ണപിളള അധ്യക്ഷനായി. വി.എസ്.ശിവകുമാര്‍, ഷിബുബേബിജോണ്‍, ടി. ശരത്ചന്ദ്രപ്രസാദ്, എന്‍.പീതാംബരക്കുറുപ്പ്, പാലോട് രവി, കെ.എസ്.ശബരീനാഥന്‍, എന്‍.ശക്തന്‍, വര്‍ക്കലകഹാര്‍, ചന്ദ്രബാബു, സി.പി.ജോണ്‍, ആറ്റിങ്ങൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.