‘വലിയകട വലിയ കുരുക്കിൽ’

ചിറയിൻകീഴ്: വലിയകട ജംഗ്ഷനെ വീർപ്പുമുട്ടിച്ച് ബസ് സ്റ്റോപ്പും വീതി കുറഞ്ഞ റോഡിലെ അനധികൃത പാർക്കിംഗും രൂക്ഷമായ ഗതാഗതകുരുക്കും തുടരുന്നു. കച്ചവട സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചതിനോടൊപ്പം ദിനംപ്രതി ഇവിടേക്കെത്തുന്ന ആളുകളുടേയും വാഹനങ്ങളുടേയും എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടായത് വലിയകട ജംഗ്ഷന് താങ്ങാവുന്നതിനുമപ്പുറമായിരിക്കുകയാണ്.

പെരുങ്ങുഴി, ആറ്റിങ്ങൽ, കോരാണി ഭാഗങ്ങളിലേക്ക് പോകുന്ന ബസ് സ്റ്റോപ്പുകളും ജംഗ്ഷനിൽ തന്നെയായതു കാരണം ഇവിടെ ഗതാഗതക്കുരുക്ക് പതിവുകാഴ്ചയായി.

വലിയകട ജംഗ്ഷനു സമീപം ആറ്റിങ്ങൽ റോഡിൽ യാത്രക്കാർക്കായി ഒരു കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരോ ബസ് ജീവനക്കാരോ അത് കണ്ട ലക്ഷണമില്ല. വലിയകട – ശാർക്കര റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിലേക്ക് ലോഡുമായി എത്തുന്ന വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതും ഗതാഗതകുരുക്കിന് ആക്കം കൂട്ടാറുണ്ട്. ഈ റോഡിൽ മറ്റ് വാഹനങ്ങളുടെ അനധികൃത പാർക്കിംഗും പലസമയത്തും തലവേദനയാകാറുണ്ട്. ചരക്കുമായി വലിയ കട ചന്തയിലെത്തുന്ന വാഹനങ്ങളും മറ്റും റോഡിൽ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. തിരക്ക് സമയങ്ങളിൽ ട്രാഫിക് പൊലീസ് സംവിധാനമില്ലാത്തതിനാൽ ഗതാഗതകുരുക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. ട്രാഫിക് പൊലീസ് ഇവിടെ സേഫ്ടി കോൺ സ്ഥാപിച്ചിരുന്നെങ്കിലും അതും ഫലവത്തായില്ല. അമിതവേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങളും വലിയ കടയെ അപകടമേഖലയാക്കാറുണ്ട്. ചിറയിൻകീഴിൽ മേൽപ്പാലം, വലിയകട- ശാർക്കര റോഡിന്റെ വീതി കൂട്ടൽ എന്നിവ വരുന്നതോടെ ഈ വിഷയത്തിന് പരിഹാരമാവുമെങ്കിലും ഇവ യാഥാർത്ഥ്യമാകാൻ ഇനിയും സമയമെടുക്കും. അതുവരെ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.