നദി വറ്റിത്തുടങ്ങി – ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ഉപയോഗിക്കുന്നവർക്ക് കർശന നിയന്ത്രണങ്ങൾ…

ആറ്റിങ്ങൽ: ഇനി ഒരാഴ്ചത്തേക്കുള്ള വെള്ളം മാത്രമാണ് പൂവൻപാറയിലെ തടയണ ഭാഗത്തുള്ളത്. വാമനപുരം നദിയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ  ചിറയിൻകീഴ്,വർക്കല താലൂക്കുകളിലടക്കം കുടിവെള്ള വിതരണം പ്രതിസന്ധിയിലാണ്. കാരേറ്റ് ഭാഗത്ത് നിന്നും നദിയുടെ താഴേക്കുള്ള ഒഴുക്ക് ഏതാണ്ട് നിലച്ച നിലയിലാണ്.

ഈ സാഹചര്യത്തിൽ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.വാട്ടർ കണക്ഷനിൽ നിന്നോ,പൊതു ടാപ്പിൽ നിന്നോ ഉള്ള ജലം ഉപയോഗിച്ച് വാഹനം കഴുകൽ,കന്നുകാലികളെ കുളിപ്പിക്കൽ,ചെടികൾ നനയ്ക്കൽ,ഹോസ് ഉപയോഗിച്ച് കിണറ്റിൽ നിന്നും വെള്ളം ശേഖരിക്കൽ,നിർമാണ പ്രവർത്തനങ്ങൾക്കായി വെള്ളം ഉപയോഗിക്കൽ എന്നിവ കണ്ടെത്തിയാൽ കണക്ഷൻ വിച്ഛേദിക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
മാസം 50 കിലോ ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്ന ഗാർഹികേതര ഉപഭോക്താക്കൾ അതിനും താഴെ ഉപയോഗിക്കണം.ക്രമാതീതമായി ജലം ശേഖരിക്കുന്ന കണക്ഷനുകളും വിച്ഛേദിക്കുമെന്നും അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.നേരത്തേ തന്നെ ജലവിതരണ കണക്‌ഷനായി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയിരുന്നു.
ആറ്റിങ്ങൽ നഗരസഭ,മുദാക്കൽ, കിളിമാനൂർ, പഴയകുന്നുമ്മൽ,വർക്കല നഗരസഭ,സമീപ പഞ്ചായത്തുകൾ,തീരദേശ പഞ്ചായത്തുകളായ ചിറയിൻകീഴ്, അഞ്ചുതെങ്ങ്, അഴൂർ, കടയ്ക്കാവൂർ, വക്കം, കിഴുവിലം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പദ്ധതികളാണ് വാമനപുരം നദി കേന്ദ്രീകരിച്ച് ആറ്റിങ്ങലിലുള്ളത്.ഇതിൽ ആറ്റിങ്ങലിൽ മാത്രം 56 ദശലക്ഷം ലീറ്റർ വെള്ളമാണ് പ്രതിദിനം ശേഖരിച്ച് വിതരണം ചെയ്യുന്നത്.
വർക്കലയിൽ 19  ദശലക്ഷവും,കിളിമാനൂരിലേക്ക് 11,കട്ടപ്പറമ്പ് 2 ദശലക്ഷം ലീറ്ററും വെള്ളമാണ് നൽകുന്നത്. ആറ്റിങ്ങൽ മേഖലയിൽ 45000 വും,വർക്കലയിൽ 26000 വും ഗാർഹിക കണക്‌ഷനുകളുണ്ട്.ഇതിന് പുറമെ പൊതു ടാപ്പുകളുമുണ്ട്.നദിയുടെ പല ഭാഗത്തും അടിത്തട്ട് തെളിഞ്ഞു.മുൻപ് കടുത്ത വരൾച്ചയുണ്ടായപ്പോൾ നദിയിൽ നിന്നും ജലമെടുക്കുന്നത് താഴ്ത്തിയും കൂടുതൽ കിണറുകൾ കുഴിച്ചുമാണ് പ്രശ്നം പരിഹരിച്ചത്.
എന്നാൽ ഇത്തവണ അതിന് പോലും വെള്ളം തികയില്ലെന്ന പേടിയിലാണ് അധികൃതർ.ഇതിനിടെ സ്വകാര്യ ആവശ്യങ്ങൾക്കായും മറ്റും ടാങ്കർ ലോറികൾ വഴി നൽകുന്ന ജല വിതരണവും നിർത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലേക്കടക്കം വില നൽകി ഇപ്പോൾ ജല അതോറിറ്റിയിൽ നിന്നും വെള്ളം വാങ്ങുകയാണ്.ഇതുൾപ്പെടെയാണ് നിർത്തുക.