അവാർഡുകൾ ഒരുപാട് നേടിയ ഈ അധ്യാപകൻ വിരമിക്കുന്നു

വർക്കല :വർക്കല ഗവ. എൽപിജിഎസിലെ പ്രഥമാധ്യാപകനും അധ്യാപക അവാർഡ് ജേതാവുമായ എസ് ശ്രീലാൽ 31ന് സർവീസിൽനിന്ന‌് വിരമിക്കും. കഴിഞ്ഞ ഏഴ് വർഷത്തോളം ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന വർക്കല ജിഎൽപിജിഎസിലെ പ്രഥമാധ്യാപകനായി പ്രവർത്തിച്ച പരിചയമുണ്ട‌് വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രിയങ്കരനായ ഈ അധ്യാപകന‌്.
2015-16ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്, മികച്ച അധ്യാപകനുള്ള എംഎൻവിജി അടിയോടി പുരസ്കാരം, മലയാള സാംസ്കാരിക വേദി പുരസ്കാരം, ഗുരുവരുൾസ്റ്റഡി സർക്കിൾ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ശ്രീലാലിന് ലഭിച്ചു. 2016-17 ൽ മികച്ച പിടിഎയ്ക്കുള്ള സംസ്ഥാന അവാർഡ്, ജില്ലാ അവാർഡ്, തുടർച്ചയായ സബ് ജില്ലാ അവാർഡുകൾ, 2017 ൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ മുതലായവ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂളിന് നേടികൊടുക്കാൻ സാധിച്ചു. കലോത്സവങ്ങൾ, ശാസ്ത്രമേളകൾ, ചാമ്പ്യൻഷിപ്പുകൾ എന്നിവ നേടിയെടുക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. സ്കൂളിൽ രക്ഷാകർതൃ സൗഹൃദ ഓഫീസ്, മാരകരോഗങ്ങൾ ബാധിച്ച രക്ഷിതാക്കളെ സഹായിക്കുന്ന “പ്രതീക്ഷ’ സാന്ത്വനപദ്ധതിയും മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സ്കൂൾ ദത്തെടുത്തുകൊണ്ടുള്ള “താലോലം’ പദ്ധതിയും സ്കൂളിന്റെ തനത് പദ്ധതികളാണ്. കുട്ടികൾക്കായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഗുഡ് ഈവനിങ‌് എന്ന പേരിൽ സായാഹ്നഭക്ഷണവും നൽകിവരുന്നു. വർക്കല സബ് ജില്ലയിൽത്തന്നെ 14 വർഷക്കാലം പ്രഥമാധ്യാപകനായി പ്രവർത്തിച്ചുകൊണ്ട് വർക്കലയുടെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവസാന്നിധ്യമാണ് ശ്രീലാൽ. അയിരൂർ ഗവ. യുപിഎസിൽ ആറ് വർഷവും നിലയ്ക്കാമുക്ക് യുപിഎസിൽ രണ്ടുവർഷവും ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിരുന്ന ശ്രീലാലിന് ആകെ 36 വർഷത്തിലധികം സർവീസുണ്ട്. പാരിപ്പള്ളി പാമ്പുറം സ്വദേശിയായ ശ്രീലാൽ പാരിപ്പള്ളി സംസ്കാരയുടെ പ്രഥമ ഉപാധ്യക്ഷനും നിലവിൽ നിർവാഹകസമിതി അംഗവുമാണ്.