വേങ്കമല ഉത്സവത്തിന്റെ ഒരുക്കങ്ങൾക്ക് പുല്ലമ്പാറയിൽ അവലോകന യോഗം

പുല്ലമ്പാറ : വേങ്കമല ആദിവാസി ക്ഷേത്രം ഉത്സവത്തിന്റെ ഒരുക്കങ്ങൾക്കായി പുല്ലമ്പാറ പഞ്ചായത്താഫീസിൽ അവലോകന യോഗം നടന്നു. ഡി.കെ. മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. 15 മുതൽ 22 വരെയാണ് ഉത്സവം നടക്കുന്നത്. സുരക്ഷയ്ക്കായി ഉത്സവ സ്ഥലത്തും മേളാ സ്ഥലത്തും 15 മുതൽ പൊലീസ് കൺട്രോൾ റൂമുകൾ തുറക്കും. തേരുവിളക്ക് ഘോഷയാത്രകൾക്ക് മുൻകൂർ അനുമതി വാങ്ങണം. ഓരോ തേരുവിളക്കു ഘോഷയാത്രയും ഒരുമിച്ചും തിരക്കു കൂട്ടാതെയും പൊലീസ് സമയം കൊടുക്കുന്ന ക്രമത്തിലായിരിക്കും കടന്നുപോകുന്നത്. 25 സ്ഥലങ്ങളിൽ സി.സി. ടി.വി ക്യാമറ സ്ഥാപിക്കും. ഭക്ഷ്യ വസ്തുകൾ കൊടുക്കുന്നവർ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതി വാങ്ങണം.15 മുതൽ എക്‌സൈസ് പരിശോധന കർക്കശമാക്കും. വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും ട്രാൻസ്‌പ്പോർട്ട് സ്‌പെഷ്യൽ സർവീസ്‌ നടത്തുമെന്ന് എ.ടി.ഒ ഷൈജു പറഞ്ഞു. പൊങ്കാല ദിവസം ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പെടുന്ന മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കും. അഗ്നി ശമന സേനയുടെ സേവനവും പൊങ്കാല സ്ഥലത്തും മേള മൈതാനത്തും ഉറപ്പുവരുത്തി. ശുദ്ധജല വിതരണത്തിനും വിപുലമായ ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്. ആർ.ടി.ഒ സീനിയർ സൂപ്രണ്ട് ആർ. ഗോപകുമാർ, പഞ്ചായത്ത് പ്രസിഡന്റ് അസീനാബീവി, ശ്രീകണ്ഠൻനായർ, പുരുഷോത്തമൻനായർ, അബ്ദുൽ അസീസ്, അശോക് കുമാർ, ആദർശ് വേങ്കമല, എം.എസ്. സിബീഷ്, സൂരജ്, തേമ്പാമ്മൂട് വിജയൻ, സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.