
വേനൽ കടുത്ത സാഹചര്യത്തിൽ സൂര്യതാപമേൽക്കാനിടയുള്ള തൊഴിലിൽ ഏർപ്പെടുന്നവരുടെ ജോലി സമയം പുനഃക്രമീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദേശം നൽകി. സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതലുള്ള പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് വിശ്രമം അനുവദിക്കുന്ന രീതിയിൽ സമയ പുനഃക്രമീകരണം നടത്തണം.
ജല അതോറിറ്റിയുടെ പൊതു ടാപ്പുകൾ വഴി ലഭ്യമാകുന്ന ജലം ദുരുപയോഗം ചെയ്യരുത്. ടാങ്കർ ലോറികളിലൂടെ രാത്രി ജലവിതരണം അനുവദിക്കില്ല. ഭൂജല വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവിടങ്ങളിൽനിന്നുള്ള അനുമതി ലഭ്യമായാൽ മാത്രമേ കുഴൽ കിണർ നിർമാണം അനുവദിക്കൂ എന്നും ഇതു സംബന്ധിച്ച അറിയിപ്പിൽ പറയുന്നു.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.