മൃഗാശുപത്രിയിൽ ഉപയോഗിച്ച സിറിഞ്ചും സൂചിയും മരുന്നുകുപ്പികളും വലിച്ചെറിഞ്ഞ നിലയിൽ

കുറ്റിച്ചൽ : കുറ്റിച്ചൽ പഞ്ചായത്തിലെ സർക്കാർ മൃഗാശുപത്രിയിൽ ഉപയോഗിച്ച സിറിഞ്ചും സൂചിയും മരുന്നുകുപ്പികളും അടങ്ങുന്ന മാലിന്യങ്ങള്‍ ആശുപത്രി പരിസരത്ത് വലിച്ചെറിഞ്ഞ നിലയിൽ. പേ വിഷബാധയുൾപ്പെടെ മാരകമായ രോഗങ്ങളുള്ള മൃഗങ്ങൾക്ക് ഉപയോഗിച്ച സൂചിയും സിറിഞ്ചും പ്ലാസ്റ്റിക്ക്‌ കൂടിലും ചാക്കുകളിലും നിക്ഷേപിച്ചിരിക്കുന്നത്‌. തുറസായ സ്ഥലത്താണ്‌ ഇവ നിക്ഷേപിച്ചിരുന്നത്‌.

ആശുപത്രിക്ക് സമീപത്തുള്ള കിണറിനടുത്തായി കത്തിച്ച നിലയിലും കണ്ടെത്തി. ആശുപത്രിക്ക് സമീപം ഉള്ള വീടുകളിൽ പോകുന്ന വഴിയിലാണ് ഇവ കൂട്ടിയിട്ട് കത്തിച്ചിട്ടുള്ളത്. ഈ വീടുകളിൽ പോകാൻ മറ്റു വഴികൾ ഇല്ലാത്തതിനാൽ ആശുപത്രിയുടെ സൈഡിലൂടെയാണ് സ്‌കൂൾ വിദ്യാർത്ഥികളും മുതിർന്നവരും തൊഴിലുറപ്പു തൊഴിലാളികളുടെ കൃഷിയിടങ്ങളിലും പോകുന്നത്. റോഡിൽ നിന്നും രണ്ടാൾ പൊക്കത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന് ചുറ്റുമതിലും ഇല്ല. മഴ പെയ്‌താൽ ഇവിടെന്നുള്ള മലിന ജലം ഒഴുകി എത്തുന്നത് അടുത്ത വീട്ടിലെ പരിസരത്താണ്.

നിരവധി തവണ മൃഗാശുപത്രി അധികൃതരോട് നാട്ടുകാർ പരാതി പറഞ്ഞിട്ടുണ്ട്. ഇതുവരെ യാതൊരു നടപടിയും എടുക്കാൻ തയ്യാറാകാതെ വഴിയിൽ ഇട്ടു കത്തിക്കല്‍ തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാരകരോഗം ബാധിച്ച മൃഗങ്ങളിൽ ഉപയോഗിച്ച സൂചിയും മറ്റും കാലില്‍ തറച്ചാല്‍ രോഗാണു പടരാനുള്ള സാധ്യതയും ഏറെയാണ്‌. മാസങ്ങളായി മലിനവസ്‌തുക്കള്‍ ഇവിടെ കൂട്ടിയിരുക്കുകയാണ്‌. ഉപയോഗിക്കപ്പെട്ട വസ്‌തുക്കള്‍ യഥാസമയം നീക്കാത്തത്‌ നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിട്ടുണ്ട്.