ബസ്സിൽ കയറാൻ കുട്ടികളില്ല, വെട്ടൂർ സ്കൂളിന് വെറുതെ ഒരു ബസ്സെന്ന് ആക്ഷേപം

വെട്ടൂർ: വെട്ടൂർ ഗവ.എച്ച്എസ്എസിന് പുതുതായി അനുവദിച്ച ബസ് മാസങ്ങളായി ഉപയോഗിക്കാത്ത നിലയിൽ.  കുട്ടികളെ ലഭ്യമല്ലാത്തതും ബസിന്റെ പരിപാലന ചെലവിന് തുക കണ്ടെത്താനാകാത്തതുമാണ് പ്രശ്നമായത്. റജിസ്റ്റർ നമ്പർ പോലും പതിക്കാതെ പൊരിവെയിലിൽ സ്കൂൾ മൈതാനത്ത് കിടക്കുകയാണ് വാഹനം. മേഖലയിൽ സർക്കാർ വിദ്യാലയങ്ങൾ ബസിനായി മുറവിളി കൂട്ടുമ്പോഴാണ് വെട്ടൂർ സ്കൂൾ ലഭിച്ച ബസ് തുടക്കം മുതൽ കട്ടപ്പുറത്തു കയറ്റാൻ നോക്കുന്നത്.

മന്ത്രി എം.എം.മണി വിതരണ ഉദ്ഘാടനം നിർവഹിച്ച  ബസുകളിലൊന്നാണ് ഏതാനും മാസം മുമ്പു സ്കൂളിന് ലഭിച്ചത്. വർക്കല വിദ്യാഭ്യാസ മേഖലയിൽ അടുത്തകാലത്ത് ഏറ്റവും അധികം വികസനപ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകളിലൊന്നാണ് വെട്ടൂർ സ്കൂൾ. അധിക ക്ലാസ് റൂമുകൾ, പുതിയ കെട്ടിടം, ഓഡിറ്റോറിയം തുടങ്ങി നിരവധി വികസനപ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്.
തീരമേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിദ്യാർഥികളുടെ യാത്രാ ക്ലേശത്തിന്റെ പേരിൽ ബസ് വാങ്ങിയത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. മുമ്പ് സ്കൂളിന് ബസ് അനുവദിച്ചിട്ടും ആവശ്യമില്ലെന്ന തീരുമാനം മറികടന്നാണ് അധികൃതർ ബസ് വാങ്ങിയത് എന്ന സൂചനയുണ്ട്. സ്കൂളിലെ എൽകെജി, യുകെജി വിദ്യാർഥികൾക്കായി ബസ് ഉപയോഗിക്കാമെങ്കിലും കുട്ടികളുടെ എണ്ണം കുറവാണ്.