ടുണീഷ്യ മോഡൽ പ്രതിഷേധം വിളവൂർക്കലിൽ, റേഷൻ കട നടത്തിപ്പുകാരി സ്വയം ഹത്യക്കു ശ്രമിച്ചു

വിളവൂർക്കൽ : ടുണീഷ്യയിൽ 10 കൊല്ലം മുൻപ് ഒരു പച്ചക്കറി കടയുടെ ലൈസൻസ് പുതുക്കി കൊടുക്കാത്ത അധികാരികൾക്ക് മുന്നിൽ പ്രതിഷേധ സൂചകമായി ഒരു കൊച്ചു കച്ചവടക്കാരൻ ആത്മഹത്യക്കു ശ്രമിച്ചതാണ് പിന്നീട് മുല്ലപ്പൂ വിപ്ലവത്തിന് അടിസ്ഥാന കാരണമായി മാറിയത്. അത്തരത്തിൽ ഒരു സംഭവമാണ് വിളവൂർക്കലിൽ നടന്നത്. വാതിൽപ്പടി റേഷൻ വിതരണത്തിൽ നിന്ന്‌ സ്വന്തം കടയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ലൈസൻസിയായ വീട്ടമ്മ ശരീരത്തിൽ പെട്രോളൊഴിച്ചു തീകൊളുത്താൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം പള്ളിച്ചലിലെ റേഷൻവിതരണ ഗോഡൗണിലായിരുന്നു സംഭവം. വിളവൂർക്കൽ പഞ്ചായത്തിലെ റേഷൻ കടയുടെ പേരിലായിരുന്നു പ്രതിഷേധം. സാധാരണ സപ്ലൈ ഓഫീസർമാർ വാതിൽപ്പടി വിതരണക്കാർക്കു കൊടുക്കുന്ന മുൻഗണനാപ്പട്ടിക അനുസരിച്ചാണ് റേഷൻസാധനങ്ങൾ കടകളിൽ എത്തിക്കുന്നത്.

എന്നാൽ, കഴിഞ്ഞ ദിവസം വിളവൂർക്കലിലെ വീട്ടമ്മയുടെ കട ഒഴിവാക്കി മറ്റുള്ളിടത്ത് കരാറുകാർ സാധനങ്ങൾ നൽകി പോയി. പിന്നാലെ പള്ളിച്ചലിലെ ഗോഡൗണിലെത്തിയ വീട്ടമ്മ, ഇതു സംബന്ധിച്ച് ബഹളമുണ്ടാക്കുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസർ അജിത് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

റേഷൻ വാതിൽപ്പടി വിതരണത്തിൽ ഇറക്കുകൂലിയെച്ചൊല്ലി ജില്ലയിലാകെ കടക്കാരുടെ പരാതികൾ നിലവിലുണ്ട്. പലയിടത്തുനിന്നും പല കൂലിയാണ് യൂണിയനുകൾ വസൂലാക്കുന്നത്. കൂലിത്തർക്കം കാരണമാണ് വിളവൂർക്കലിൽ സാധനങ്ങൾ ഇറക്കാതെ കരാറുകാർ പോയത്‌. വിഷയം ലേബർ ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായും ഉടൻ പരിഹരിക്കുമെന്നും സപ്ലൈ ഓഫീസർ പറഞ്ഞു.