ഗ്രാമങ്ങളിൽ ജലസ്രോതസ്സുകൾ നവീകരിക്കുന്നു

നെടുമങ്ങാട്:വേനൽക്കാലത്തെ കുടിവെള്ളക്ഷാമം നേരിടാൻ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജലസ്രോതസ്സുകൾ നവീകരിക്കുന്നു. പൊതുകിണറുകൾ, ഉപയോഗശൂന്യമായിക്കിടന്ന ചിറകൾ, കുളങ്ങൾ എന്നിവയെല്ലാം നവീകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. നെടുമങ്ങാട് താലൂക്കിൽ ഇതുവരെ 440 കുളങ്ങളും ചിറകളുമാണ് നവീകരിച്ചത്. ആനാട് ഗ്രാമപ്പഞ്ചായത്താണ് ഏറ്റവുമധികം കുളങ്ങളും ചിറകളും വൃത്തിയാക്കിയെടുത്തത്. 44 കുളങ്ങളും 12 ചിറകളും ഇവിടെ നവീകരിച്ചു. 10000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന 200 മഴവെള്ളസംഭരണികളും നിർമിച്ചു. 150 കിണറുകളും റീച്ചാർജ് ചെയ്തു.

കരകുളം ഗ്രാമപ്പഞ്ചായത്തിൽ തറട്ട വാർഡിൽ പുതുതായി വലിയൊരു കുളം നിർമിച്ചു. വഴയില മുതൽ ഏഴുകിലോമീറ്റർ പ്രദേശത്ത് കിള്ളിയാർ ശുചീകരിക്കുകയും കയർഭൂവസ്ത്രം സ്ഥാപിക്കുകയും ചെയ്തു. കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് ഇത്തരം പദ്ധതികൾ തയ്യാറാക്കുന്നത്.

ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പട, കുര്യാത്തി, പേരില എന്നിവിടങ്ങളിലെ കുളങ്ങൾ നവീകരിച്ചു. ആര്യനാട്ട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ 18 വാർഡുകളിൽ ജലസ്രോതസ്സുകൾ ശുചീകരിച്ചു. തേവിയാരുകുന്ന് വാർഡിൽ പൊതുകുളവും നിർമിച്ചു.

പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, കല്ലറ, പുല്ലമ്പാറ, മാണിക്കൽ, പൂവച്ചൽ, വെള്ളനാട് എന്നീ പഞ്ചായത്തുകളിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാണ്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ നടക്കുന്ന കുടിവെള്ളസംരക്ഷണ പദ്ധതിയുടെ ഭാഗമായി അരുവിക്കര പഞ്ചായത്തിൽ പത്തിടങ്ങളിൽ പൊതുകുളങ്ങൾ നവീകരിച്ചു തുടങ്ങി. കോക്കോതമംഗലത്തെ ക്ഷേത്രക്കുളം ഉൾപ്പെടെ അരുവിക്കര പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നവീകരിക്കുന്നുണ്ട്.