മംഗലപുരം -പള്ളിപ്പുറം ഭാഗങ്ങളിൽ മാലിന്യ നിക്ഷേപം പതിവാകുന്നു

മംഗലപുരം : ദേശീയ പാതയിൽ മംഗലപുരം -പള്ളിപ്പുറം ഭാഗങ്ങളിലെ റോഡരികില്‍ മാലിന്യ നിക്ഷേപം പതിവാകുന്നു. ചാക്കിലും പ്ലാസ്റ്റിക് കവറിലും കെട്ടിയ നിലയിലാണ് മാലിന്യ നിക്ഷേപം. കോഴി വേസ്‌റ്റ്, ബാര്‍ബര്‍ ഷോപ്പില്‍ നിന്നുമുള്ള തലമുടി, അപ്പ്‌ഹോള്‍സറി സ്‌ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്‌റ്റിക്‌ മാലിന്യം, സമീപ വീടുകളിലെയും കടകളിലെയും മാലിന്യം എന്നിവ ഇവിടെ കാണാം. രാത്രി കാലങ്ങളിലാണ്‌ മാലിന്യം നിക്ഷേപം നടക്കുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. അതേ സമയം വാഹനങ്ങള്‍ പോകുമ്പോള്‍ മാലിന്യം കാറ്റിൽ പറക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു. പ്രദേശത്ത് പ്രദേശത്ത് തെരുവ്‌ നായ്‌ക്കളുടെ ശല്യവും രൂക്ഷമാണ്‌. അസഹ്യമായ ദുര്‍ഗന്ധം കാരണം കാൽ നടയാത്രക്കാർ ദുരിതത്തിലാണ് . നിരവധി തവണ പഞ്ചായത്ത്‌ അധികൃതരെയും ആരോഗ്യ വിഭാഗത്തെയും അറിയിച്ചുവെങ്കിലും യാതൊരു നടപടിയുമില്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. മാലിന്യ നിക്ഷേപത്തിനെതിരേ രാത്രികാലങ്ങളില്‍ പോലിസ്‌ പട്രോളിംഗ്‌ ശക്‌തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.