മാലിന്യ നിക്ഷേപം തുടർക്കഥ, തച്ചൻകോണം നിവാസികൾ ദുരിതത്തിൽ ….

വർക്കല: തച്ചൻകോണത്തെ റോഡുകളിൽ മാലിന്യംതള്ളുന്നതു പതിവാകുന്നു. രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് വൻതോതിൽ മാലിന്യംതള്ളുന്നത്. രാമന്തളി മുതൽ പഴിഞ്ഞിയിൽ ക്ഷേത്രം വരെയുള്ള ഭാഗത്താണ് സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നത്. ഹോട്ടലുകൾ, ബേക്കറികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് ചാക്കിലും വലിയ കവറുകളിലുമാക്കി തള്ളുന്നത്. ഇറച്ചിമാലിന്യമുൾപ്പെടെ വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് കൊണ്ടിടുന്നത്. നിക്ഷേപിക്കുന്ന മാലിന്യങ്ങൾ നീക്കാനും നടപടിയുണ്ടാകാറില്ല. ദുർഗന്ധംവമിക്കുമ്പോൾ പ്രദേശവാസികൾതന്നെ മാറ്റേണ്ട സ്ഥിതിയാണ്.

തച്ചൻകോണം സർവീസ് സ്റ്റേഷനു സമീപം കാടുപിടിച്ചുകിടക്കുന്ന പുരയിടം സ്ഥിരം മാലിന്യംതള്ളുന്ന കേന്ദ്രമാണ്. മാസങ്ങൾക്കു മുമ്പ് വർക്കലയിലെ ബേക്കറിയിലെ മാലിന്യംതള്ളാനെത്തിയ രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടിയിരുന്നു. വാഹനങ്ങളിൽ കവറുകളിലാക്കിയാണ് മാലിന്യം കൊണ്ടുവന്നത്. തച്ചൻകോണം-വാര്യവീട് റോഡിലും സ്ഥിരമായി മാലിന്യംതള്ളാറുണ്ട്. തച്ചൻകോണത്തുനിന്ന്‌ റോഡ് തുടങ്ങുന്ന ഭാഗത്തെ ഇടുങ്ങിയ സ്ഥലത്താണ് മാലിന്യംതള്ളുന്നത്. ഇവിടെ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ മഴയിൽ ഒലിച്ച് പ്രധാന റോഡിലേക്കെത്തും. സ്ഥിരമായി മാലിന്യംതള്ളുന്നതിനാൽ പ്രദേശത്ത് ദുർഗന്ധവുമുണ്ട്.

മാലിന്യം കളയുന്നതിന് കടയുടമകൾ കരാർ നൽകുകയാണ് ചെയ്യുന്നത്. കരാർ ഏറ്റെടുക്കുന്ന സംഘങ്ങൾ രാത്രിയുടെ മറവിൽ വിജനമായ സ്ഥലത്ത് തള്ളുകയാണ് പതിവ്. വിജനമായ ഭാഗമായതിനാൽ വാഹനങ്ങളിലെത്തി കൊണ്ടിട്ടാലും ആരുടെയും ശ്രദ്ധയിൽപ്പെടാത്തതാണ് ഇവിടം തിരഞ്ഞെടുക്കുന്നതിനു കാരണം. നാട്ടുകാർ പിടികൂടിയപ്പോൾ മാലിന്യംതള്ളാനെത്തിയവർ പറഞ്ഞ കാരണവും ഇതാണ്. ചിലക്കൂർ ഇളമ്പന ക്ഷേത്രത്തിനു സമീപം വന്നിറങ്ങുന്ന അടുത്തിടെ കോൺക്രീറ്റ് ചെയ്ത റോഡിലും മാലിന്യമിടാറുണ്ട്. വാഹനഗതാഗതം സാധ്യമായതുമുതലാണ് റോഡിലും മാലിന്യംകൊണ്ടിടാൻ തുടങ്ങിയത്. രാമന്തളി മുതൽ ചിലക്കൂർ ചുമടുതാങ്ങി മുക്കുവരെയുള്ള ഭാഗത്ത് രാത്രി പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.