ശുദ്ധജല സംഭരണി പ്ലാസ്റ്റിക് സംഭരണിയോ ! വെള്ളത്തിന് നെട്ടോട്ടം…

അരുവിക്കര : അരുവിക്കര ശുദ്ധജല സംഭരണിയുടെ നീരൊഴുക്കില്‍ അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ ജലസംഭരണിയെ ഇല്ലാതാക്കും .

പമ്പിംഗ്‌ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി ഉപകരണങ്ങളെ ചുറ്റിവരിഞ്ഞ പ്ലാസ്‌റ്റിക്‌ തലസ്‌ഥാന നഗരിയിലേക്കുള്ള പമ്പിംഗ്‌ പലതവണ തടസപ്പെട്ടു.
മെഡിക്കല്‍ കോളജിലും കലക്‌ടറേറ്റിലുമടക്കം വിതരണം ചെയ്യുന്ന ജലത്തിന്റെ അളവില്‍ കുറവുണ്ടായി.
പ്രതിദിനം 230 എം.എല്‍.ഡി വെള്ളം നല്‍കേണ്ട സ്‌ഥാനത്ത്‌ 30 ശതമാനത്തോളം കുറവ്‌ സംഭവിച്ചതായാണ്‌ ഔദ്യോഗിക റിപ്പോര്‍ട്ട്‌. ജലസഭരണിയോടുചേര്‍ന്നുള്ള 86 എം.എല്‍.ഡി ചിത്തിരക്കുന്ന്‌ പ്ലാന്റിലും 76 എം.എല്‍.ഡി ജപ്പാന്‍ കുടിവെള്ള പ്ലാന്റിലുമാണ്‌ പമ്പിംഗ്‌ തടസപ്പെട്ടത്‌.
പ്ലാന്റുകളില്‍ വെള്ളം എത്തിക്കുന്ന ഇരുമ്പുവലകള്‍ പ്ലാസ്‌റ്റിക്‌ മൂടി വെള്ളം കടക്കാത്ത സ്‌ഥിതിയായിരുന്നു. മുങ്ങല്‍ വിദഗ്‌ധരായ തൊഴിലാളികളുടെ സഹായത്തോടെ മാത്രമേ സംഭരണിയില്‍ നിറഞ്ഞ പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കം ചെയ്യാനാവൂ. ജലസംഭരണയില്‍ ടണ്‍ കണക്കിന്‌ പ്ലാസ്‌റ്റിക്‌ മാലിന്യമാണ്‌ ഒഴുകിയെത്തുന്നത്‌.
രണ്ടു മില്ല്യണ്‍ ക്വിബിക്‌ മീറ്റര്‍ വെള്ളമാണ്‌ അരുവിക്കര സംഭരണിയുടെ ശേഷി. സംഭരണശേഷിയുടെ പകുതിയോളം എക്കലും മണ്ണും മണലും അടിഞ്ഞുകിടപ്പാണ്‌.
എക്കലും മണലും നീക്കം ചെയ്യാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. സംഭരണി ജലക്ഷാമത്തിലേയ്‌ക്ക് വഴുതിമാറി. വെള്ളം ആവശ്യാനുസരണം പേപ്പാറ ഡാമില്‍ നിന്ന്‌ ഒഴുക്കിക്കൊണ്ടുവരണം.
പ്ലാസ്‌റ്റിക്‌ അടക്കമുള്ള മാലിന്യങ്ങള്‍ അരുവിക്കര ഡാമിന്‌ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌. പമ്പിംഗ്‌ മുടങ്ങിയാല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകും.
മാലിന്യ നീക്കത്തിനും സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.