ജലസ്രോതസ്സുകളെ ഫലപ്രദമായി വിനിയോഗിക്കും: ഐ.ബി സതീഷ് എം.എൽ.എ

വരാനിരിക്കുന്ന വേനൽക്കാലത്തെ നേരിടാൻ കാട്ടാക്കട മണ്ഡലത്തിലെ ജലസ്രോതസ്സുകളെ ഫലപ്രദമായി വിനിയോഗിക്കുമെന്ന് ഐ.ബി സതീഷ് എം.എൽ.എ. പാറ ക്വാറികളിലെ ജലം ഉപയോഗിച്ച് കുളങ്ങളും, തോടുകളും, കിണറുകളും റീചാർജ്ജ് ചെയ്യുന്നതിനുള്ള നടപടികൾ മണ്ഡലത്തിൽ പുരോഗമിക്കുകയാണ്. ജലസ്രോതസ്സുകളിലെ ജലത്തിന്റെ അളവുകൂടി ലഭ്യമാകുന്നതോടെ ജലവിനിയോഗാസൂത്രണം കൂടുതൽ മെച്ചപ്പെടുത്തുവാൻ കഴിയുമെന്നും മണ്ഡലത്തിലെ 100 കുളങ്ങളിലെ ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനുമായി സഹകരിച്ച് കുളങ്ങളിലെ ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിന് സ്‌കെയിലും ബോർഡും സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സ്‌കെയിലിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഐ.ഐ.ഐ.റ്റി.എം.കെയുമായി ചേർന്ന് ‘ഹരിതസമൃദ്ധി’ മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. കാട്ടാക്കട പഞ്ചായത്തിലെ തൂങ്ങാംപാറ വാർഡിലുള്ള വെള്ളൂർക്കോണം കുളത്തിൽ സ്ഥാപിച്ച സ്‌കെയിലിന്റെ ഉദ്ഘാടനം ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ നിർവഹിച്ചു. ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ, ഹരിതകേരളം മിഷൻ ടെക്‌നിക്കൽ അഡൈ്വസർ എബ്രഹാം കോശി, ഗ്രാമപഞ്ചായത്ത് അംഗം രാധാകൃഷ്ണൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഓരോ കുളത്തിലെയും ജലത്തിന്റെ അളവ് രേഖപ്പെടുത്തുന്നതിലൂടെ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് ജലം കൂടുതലുള്ള കുളങ്ങളിൽ നിന്നും വെള്ളമെത്തിക്കാൻ സാധിക്കും.