കുടിവെള്ളം കിട്ടാക്കനി – ജനം നെട്ടോട്ടം

വർക്കല: കടുത്ത വേനലിൽ വാമനപുരം നദിയിൽ ജലനിരപ്പ് താഴ്ന്ന് പമ്പിംഗ് തടസപ്പെട്ടതോടെ വർക്കല നഗരസഭ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടിവെളളക്ഷാമം വർദ്ധിച്ചു. കുടിവെളളത്തിനായി ആഴ്ചകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് പൊതുജനം. പഞ്ചായത്തടിസ്ഥാനത്തിൽ നടപ്പാക്കിയ കുടിവെളള പദ്ധതികൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇവ കാര്യക്ഷമമായി പ്രവർത്തിപ്പിച്ച് കുടിവെളളപ്രശ്നത്തിന് പരിഹാരം കാണാൻ പ്രാദേശിക ഭരണകൂടങ്ങൾക്കും കഴിയുന്നില്ല. പൊതുടാപ്പുകളിൽ പലതും തുരുമ്പെടുത്ത് നാമാവശേഷമായി. ഇലകമൺ പഞ്ചായത്തിൽ വാമനപുരം പദ്ധതിയിൽ നിന്നുളള വെളളമാണ് ലഭിക്കുന്നത്. വിളപ്പുറത്ത് ഓവർഹെഡ് ടാങ്കിൽ ശേഖരിച്ചാണ് ജലവിതരണം നടത്തുന്നത്. കായൽപ്പുറം പദ്ധതി നവീകരിക്കുകയും ചെറിയ തോടുകളിലൂടെ ഒഴുകിയെത്തുന്ന വെളളം തടഞ്ഞു നിറുത്തി പമ്പിംഗ് നടത്തുകയും ചെയ്തിട്ടും ജലക്ഷാമം പരിഹരിക്കാൻ കഴിയുന്നില്ല. 9 മുതൽ 16 വരെയുളള വാർഡുകളിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജല അതോറിട്ടിയുമായി ഉണ്ടാക്കിയ രണ്ടാംഘട്ട കരാർ പണം അടയ്ക്കാത്തതിനെ തുടർന്ന് മുടങ്ങി. മേടയിൽ റോഡ്, ജനതാമുക്ക് കല്ലുവിളറോഡ്, കളത്തറ മാങ്കൂട്ടം, അയിരൂർപാലം, തിട്ടയിൽ, തൃവേണി ജംഗ്ഷൻ, വില്ലിക്കടവ്, സങ്കേതം-കളിയിക്കൽ, വെട്ടുറോഡ്, തേവാനം, കെടാകുളം അംഗൻവാടി എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടിയിരുന്നത്. അനുവദിച്ച തുക വകമാറ്റിയെന്നാണ് പൊതുവേയുളള ആരോപണം. എന്നാൽ കേന്ദ്രഫണ്ടിന്റെ ലഭ്യത കുറവാണെന്നും തുക വകമാറ്റിയില്ലെന്നും പദ്ധതി ഉടൻ പ്രാവർത്തികമാക്കുമെന്നും ഇലകമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്.ജോസ് പറഞ്ഞു.