കായൽ അടുത്തുണ്ടെങ്കിലും ഇവിടെ വെള്ളമില്ല ! ഇലകമൺ പ്രദേശങ്ങൾ ജലക്ഷാമത്തിൽ…

ഇലകമൺ: കായൽ അടുത്തുണ്ടെങ്കിലും പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ഹരിഹരപുരം, തോണിപ്പാറ പ്രദേശങ്ങളിൽ വേനൽക്കാലത്തു ജലക്ഷാമം തുടർക്കഥയാകുന്നു. പ്രതിദിനം ആയിരക്കണക്കിനു ലീറ്റർ ഉറവ ജലം സംഭരിക്കാതെ ഒഴുകി കായലിൽ പതിക്കുമ്പോൾ പൊതുടാപ്പുകൾക്ക് മുന്നിൽ വെള്ളത്തിനായി കൂട്ടം കൂടുകയാണ് നാട്ടുകാർ.

തോണിപ്പാറ വാർഡിൽ മാത്രം നാലു കോളനികളുണ്ട്. ഇവിടെ തൊണ്ണൂറു ശതമാനം വീടുകളിലും കിണറില്ല. ആകെയുള്ള ആശ്രയം പൈപ്പ് വെള്ളം മാത്രം. സ്ത്രീകൾ ദൂരങ്ങളിൽ നിന്നും  ജലം ശേഖരിച്ചു വീട്ടിലെത്തിക്കണം. ഇടവിട്ട ദിവസങ്ങളിൽ പൈപ്പ് ജലം വന്നാലും ഒരു മണിക്കൂർ പോലും ലഭ്യമല്ലാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. ഉറവ ജലം സംഭരിച്ചു വിതരണം ചെയ്യുന്ന കൂടുതൽ പദ്ധതികളുടെ അഭാവം ജലക്ഷാമത്തിന് ആക്കം കൂട്ടി.
മുപ്പത് ലക്ഷം രൂപയുടെ ഒടുവിലത്തെ ഒരു പദ്ധതിയും ഒഴിച്ചു പോയത് രാഷ്ട്രീയ തർക്കങ്ങളുടെ പേരിലാണത്രേ. വാമനപുരം നദീജലം തികയാതെ വരുമ്പോൾ സ്ഥിതി രൂക്ഷമാകും. വർഷങ്ങൾ പഴക്കമുള്ള ആലുവിളപുറം പദ്ധതിയിലെ സംഭരണിയിൽ വിതരണ പൈപ്പ് ലൈനിലെ ചോർച്ച കാരണം നിലവിൽ ജലവിതരണം കാര്യക്ഷമമല്ലെന്നാണ് ഒന്നാം വാർഡ് അംഗം വി.ബിനു പറയുന്നത്. ഉറവ ജല സംഭരണ പദ്ധതികൾ ആവിഷ്കരിച്ചു പിന്നീട് ഉപേക്ഷിക്കുന്ന പ്രവണതയാണെന്നും ബിനു പറയുന്നു. പ്രദേശത്ത് ടാങ്കർ സർവീസിലെ വെള്ളം നൽകാൻ ഇനിയും തുടങ്ങിയിട്ടില്ല .