പൈപ്പിന് മുൻപിൽ പാത്രങ്ങളുമായി കാത്തിരിപ്പ്, ഇവിടെ വെള്ളമില്ലാതെ നെട്ടോട്ടം

നാവായിക്കുളം : നാവായിക്കുളം പഞ്ചായത്തിലെ മുട്ടിയറ, സാമിയാർകുന്ന് പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്.
വാട്ടർ അതോറിട്ടിയുടെ പൈപ്പ്‌ലൈനിലൂടെ വെള്ളം വിതരണം നടത്തിയിട്ട് മൂന്നാഴ്ചയിലേറെയായി. പൊതുടാപ്പുകളുടെ മുന്നിൽ എപ്പോഴെങ്കിലും വെള്ളം വരുമെന്ന പ്രതീക്ഷയിൽ പാത്രങ്ങളുടെ നീണ്ട നിരയാണ്. ടാപ്പിനുമുന്നിൽ പാത്രങ്ങൾ സ്ഥാനം പിടിച്ചിട്ട് ആഴ്ചകളായി. മുൻ വർഷങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോൾ പഞ്ചായത്തധികൃതർ ടാങ്കർ ലോറിയിൽ വെള്ളം കൊണ്ടുവന്ന് വിതരണം ചെയ്യുമായിരുന്നു. ഇത്തവണ ഇതുവരെ അതുമുണ്ടായില്ല. വെള്ളത്തിന്‌ ക്ഷാമം നേരിട്ടതോടെ ഈ പ്രദേശത്തെ വളർത്തു മൃഗങ്ങളുടെ കാര്യവും വളരെ ദയനീയമാണ്. വെള്ളമുള്ള സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്നും വാഹനത്തിലും, തലച്ചുമടായും കന്നാസുകളിൽ വെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. കിണറുകളിൽ ജല നിരപ്പ് താഴുന്നതനുസരിച്ച്‌ പലരും വെള്ളം കൊടുക്കാൻ മടിക്കുന്നു. വളരെ കുറച്ച് വെള്ളം മാത്രമാണ് പലരും കൊടുക്കുന്നത്. ദൂരസ്ഥലങ്ങളിലുള്ള ബന്ധുക്കളുടെ വീടുകളിൽ പോയാണ് പലരും കുളിക്കുകയും നനയ്ക്കുകയുമൊക്കെ ചെയ്യുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.