
വർക്കല: നിരവധി നീരുറവകളുടെ നാടായിരുന്നു വർക്കല. ശിവഗിരി കുന്നുകളുടെ താഴ്വാരത്തും പാപനാശം കുന്നുകളുടെ അടിവാരത്തും തൊടുവെയിലും പുല്ലാന്നികോടും എല്ലാം സമൃദ്ധമായ തെളിവുകളുണ്ട്. എത്ര കടുത്ത വേനലിലും ഇവയിലൊന്നും ഒഴുക്ക് നിലച്ച ചരിത്രമില്ല. രാപകൽ ഭേദമില്ലാതെ ശുദ്ധജലം നിർബാധം ഒഴുകിയിരുന്നു. എന്നാൽ കാലം മാറിയതോടെ വർക്കലക്കാർ ഇപ്പോൾ കുടിവെള്ളത്തിനായി അലയുകയാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി കോളനികളും കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന ഗ്രാമമാണ് ചെമ്മരുതി. കോളനികളിൽ വെള്ളമെത്തിക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടും ക്ഷാമത്തിന് അറുതിയില്ല. ചന്ദ്രൻകുന്ന് പ്രദേശത്ത് വേനലില്ലാത്തപ്പോഴും കുടിവെള്ളത്തിനായി കിലോമീറ്റുകളാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്.
കടൽത്തീര മേഖലയായതിനാൽ വേനലിന്റെ ആരംഭത്തിൽ തന്നെ വെട്ടൂരും പരിസരങ്ങളും വരണ്ടുണങ്ങി. വർക്കല മേഖലയിലെ കുളങ്ങളും തോടുകളും നവീകരിക്കാത്തതിനാൽ ഭൂരിഭാഗവും കാലഹരണപ്പെട്ടു.
വർക്കല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുഴൽകിണറുകൾ പലതും കാഴ്ചവസ്തു മാത്രമാണ്. ചിലത് ഉപയോഗിക്കാനാകാതെ തുരുമ്പെടുത്ത് നശിക്കുകയും ചെയ്തു. ചെറു തോടുകളും കുളങ്ങളും കാലാകാലങ്ങളിൽ സംരക്ഷിക്കാത്തതിനാൽ അവയെല്ലാം മാലിന്യവാഹികളായി മാറി.