കൊട്ടിക്കലാശം: 116 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പതിനേഴാം ലോക്സഭയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 116 ലോക്സഭാ മണ്ഡലങ്ങളിലെയും പ്രചരണമാണ് ഇന്ന് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനുമുന്നോടിയായി രാവിലെ ആറിന് ബൂത്തുകളിൽ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക്‌പോൾ നടത്തി വോട്ടിങ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പാക്കും. ദക്ഷിണേന്ത്യയിൽ നിന്ന് കേരളത്തിലും കർണ്ണാടകത്തിലുമാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.

കേരളത്തിൽ 20 ഉം കർണ്ണാടകത്തിലെ 14 ഉം ഗോവയിലെ 2 ഉം മണ്ഡലങ്ങളിലാണ് 23ന് വിധിയെഴുതുന്നത്. ഗുജറാത്തിലെ 26 ഉം മഹാരാഷ്ട്രയിലെ 14 ഉം ഉത്തർപ്രദേശിലെ 10 ഉം പശ്ചിമ ബംഗാളിലെ 5 ഉം മണ്ഡലങ്ങളിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഛത്തീസ്ഗഡിലെ 7 സീറ്റിലും ഒഡിഷയിലെ 6, ബീഹാറിലെ 5, അസാമിലെ 4, ജമ്മു കാശ്മിരിലെയും ദാദ്രനഗർ ഹവേലിയിലെയും ദാമൻ ഡ്യു-വിലെ ഒരു മണ്ഡലത്തിലെയും പരസ്യ പ്രചാരണത്തിനും ഇന്ന് തിരശ്ശീല വീഴും. രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ച ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പും മൂന്നാം ഘട്ടത്തിലാണ് നടക്കും.

അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് കൂടുതൽ സേനയെ വിന്യസിക്കുന്നത്. സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ടെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വിലയിരുത്തൽ. ഇതിൽ 219 ബൂത്തുകളിൽ മാവോവാദി ഭീഷണിയുള്ളതായും ചൂണ്ടിക്കാട്ടുന്നു. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 എണ്ണം മലപ്പുറത്തും 39 എണ്ണം കണ്ണൂരിലുമാണ്. കോഴിക്കോട്ടെ 41 ബൂത്തുകളും ഇക്കൂട്ടത്തിലുണ്ട്. 57 കമ്പനി കേന്ദ്രസേനയെയാണ് സുരക്ഷയ്ക്കായി സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്