65 ശതമാനത്തിലധികം പോളിങ്ങുമായി ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് രാജ്യത്ത് ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടര്‍മാര്‍ വിധിയെഴുതിയത്. പൂഞ്ച്, സഹരണ്‍പൂര്‍ മണ്ഡലങ്ങളില്‍ വോട്ടിങ് മെഷിനുകള്‍ക്കെതിരെ പരാതി ഉയര്‍ന്നു.

ആദ്യ ഘട്ടത്തില്‍ ആകെ 65 ശതമാനത്തിലധികം പോളിങ് നടന്നുവെന്നാണ് പ്രാഥമിക കണക്ക്. മുസഫർ നഗറും സഹരൺപൂരും കൈരാനയും അടക്കം പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 8 മണ്ഡലങ്ങൾ ആദ്യഘട്ടത്തിൽ വിധിയെഴുതി. ബീഹാറിലെ നാലും പശ്ചിമ ബംഗാളിലെ രണ്ടും മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നു.

ഉത്തർപ്രദേശിൽ മിക്ക മണ്ഡലങ്ങളിലും ബി.എസ്.പിയുടെ വോട്ടർമാരെ ബൂത്തുകളിൽ പൊലീസ് ആസൂത്രിതമായി തടഞ്ഞെന്ന് ബി.എസ്.പി ആരോപിച്ചു. ഈ വിഷയത്തിൽ പാർട്ടി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി.

ആന്ധ്രയിലെ തടിപ്പട്രിയിൽ ടിഡിപി- വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. രണ്ട് പേർ മരിച്ചു. ഒരു ടി.ഡി.പി പ്രവർത്തകനും ഒരു വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകനുമാണ് മരിച്ചത്.

യു.പി.യിലെ ഗൗതം ബുദ്ധ നഗർ മണ്ഡത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് നമോ ഫുഡ് എന്നഴുതിയ പാക്കറ്റിൽ ഭക്ഷണം നൽകിയത് വിവാദമായി. ജില്ലാ ഭരണ കൂടത്തോട് തെരഞ്ഞടുപ്പ് കമ്മീഷൻ വിശദീകരണം തേടി. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ ഏതാനും ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതോടെ വോട്ടെടുപ് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു