കാസർകോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

കാസർകോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ കോൺഗ്രസ് പുറത്തുവിട്ടു. കണ്ണൂര്‍ ജില്ലയില്‍പ്പെട്ട പിലാത്തറ എ.യു.പി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒരാൾ രണ്ടുതവണ വോട്ട് ചെയ്യുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പോളിംഗ് ബൂത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ കൂടുതൽ സ്വാധീനം ചെലുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് ചെയ്യുന്നതെന്നും ദൃശ്യങ്ങളിൽ കാണാം.

ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള് തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവർ വോട്ട് ചെയ്യുന്നതും ബൂത്തിനുള്ളിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് കോൺഗ്രസ് ആരോപിക്കുന്നത്.

വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്നതിനായി എത്തുകയും ഇവര് കൈയിൽ പുരട്ടിയ മഷി ഉടന് തലയിൽ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർ ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര് ബൂത്തിലെ വോട്ടര് 19ാം നമ്പര് ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഏഴാം നമ്പര്‍ ബൂത്തിൽ വോട്ടുള്ള എംപി സലീന 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ടു ചെയ്തു. ഇവര്‍ പഞ്ചായത്ത് അംഗം കൂടിയാണ്. 24ാം നമ്പര്‍ വോട്ടുള്ള സുമയ്യ ടിപിയും 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. കന്നപ്പള്ളി പഞ്ചായത്തിലെ ആളും ബൂത്ത് 19ൽ വോട്ട് ചെയ്തതായി വ്യക്തമായിട്ടുണ്ട്.  തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരത്തില് ആറോളം പേര് ഈ ഒരു ബൂത്തില് മാത്രം കള്ളവോട്ടുകള് നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

കാസർകോട് മണ്ഡലത്തിലെ കല്യാശേരിയിലും പയ്യന്നൂരിലും വ്യാപകമായി കള്ളവോട്ട് നടക്കുമെന്ന ആരോപണം കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. കാസർകോട്ടെയും കണ്ണൂരിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾ ഇക്കാര്യം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉന്നയിച്ചിരുന്നു.