സംസ്ഥാനത്ത് വോട്ടിങ്ങിനിടെ 8 പേർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി വോട്ടിംഗിനിടെ എട്ട് പേർ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. കണ്ണൂർ ചൊക്ലിയിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. ചൊക്ലി രാമവിലാസം യു.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ മാറോളി വിജയി(62)ആണ് മരിച്ചത്. രാമവിലാസം ഹയർസെക്കന്റെറി സ്‌കൂളിലെ 158ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ വരിയിൽ നിൽക്കെ കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

അതേസമയം, വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തിലും ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. പേഴുംപാറ സ്വദേശി ചാക്കോ മത്തായിയാണ് മരിച്ചത്. പോളിംഗ് ബൂത്തിൽ കയറിയ ശേഷമാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. കൊല്ലം കിളിക്കൊല്ലൂരിലെ മണി(63)യും കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ പേര് കാണാത്തതിനെ തുടർന്ന് പോളിംഗ് ഓഫീസറുമായി സംസാരിക്കവെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

കാസർക്കോട് പുല്ലൂർ സ്വദേശി കെ.ആർ ബാബുരാജ് വോട്ട് ചെയ്യാൻ പോകുന്നതിനിടെ വീണ് മരിച്ചു. പാലക്കാട് വടവന്നൂരിനടുത്ത് മലയമ്പളത്ത് മെഹബൂബയും കുഴഞ്ഞു വീണാണ് മരിച്ചത്. പോളിംഗ് ബൂത്തിൽ വിരലിൽ മഷി പുരട്ടുന്നതിനിടെയാണ് ഇവർ കുഴഞ്ഞ് വീണത്. തലയോലപ്പറമ്പിൽ റോസമ്മ ഔസേപ്പ്(84) വോട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കുഴഞ്ഞു വീണ് മരിച്ചത്. കൂടാതെ കണ്ടിയൂർ യു.പി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ മറ്റം വടക്ക്, പെരിങ്ങാട്ടം പള്ളിൽ പ്രഭാകരൻ(74) കുഴഞ്ഞു വീണ് മരിച്ചു. തലശ്ശേരി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുക്കൊണ്ടിരിക്കവെയാണ് മുസ്ലിം ലീഗ് പ്രാദേശിക നേതാവ് എ.കെ മുസ്തഫ(52) തളർന്ന് വീണ് മരിച്ചത്.

അതിനിടെ,​ ഏനാദിമംഗളം ചായലോട് യു.പി സ്‌കൂൾ 143ാം നമ്പർ ബൂത്തിലും പിരളിശേരി എൽ.പി.എസ് 69ാം നമ്പർ ബൂത്തിലുമാണ് പോളിംഗ് ഓഫീസർമാർ കുഴഞ്ഞുവീണത്. പിരളിശേരി ബൂത്തിലെ പോളിംഗ് ഓഫീസർ പ്രണുകുമാർ അപസ്മാര ബാധയെ തുടർന്നാണ് തളർന്നുവീണത്