ഇത് ഒരു പ്രധാന ജംഗ്ഷൻ. ഇവിടെ കാത്തിരിപ്പ് കേന്ദ്രമില്ല, വെയിലും മഴയും യാത്രക്കാർക്കൊപ്പം !

മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ മുരുക്കുംപുഴയിൽ കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന തോന്നയ്ക്കൽ ആശാൻ സ്മാരകം, സായി ഗ്രാമം, ടെക്നോസിറ്റി, കിൻഫ്ര പാർക്ക് എന്നിവിടങ്ങളിൽ പോകേണ്ട യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണിത്. നാലു റോഡുകൾ സന്ധിക്കുന്ന ഇവിടെ ദിനം പ്രതി നൂറുക്കണക്കിന് ആളുകളാണ് എത്തുന്നത്. ചിറയിൻകീഴ് റോഡിലും മംഗലപുരം റോഡിലും കണിയാപുരം റോഡിലും കാത്തുനിൽക്കുന്നവർക്ക് മഴ പെയ്താൽ സമീപത്തെ കടത്തിണ്ണകളാണ് ആശ്രയം. പ്രായമേറിയവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യമാണ് ഏറെ കഷ്ടം. വാഹനങ്ങൾക്ക് വേണ്ടി കാത്തുനിന്ന് കാൽ കഴയ്ക്കുമ്പോൾ അല്പം ആശ്വാസത്തിന് വേണ്ടി ഇരിക്കാനൊരിടം ഇല്ലാതെ വലയുകയാണ്.

തീരദേശ മേഖലയായ മുരുക്കുംപുഴയെയും മലയോര മേഖലയായ നെടുമങ്ങാടിനെയും ബന്ധിപ്പിച്ച് കൊണ്ട് ധാരാളം കെ.എസ്.ആർ.ടി.സി സർവീസുകളും ഇവിടെ നിന്നുണ്ട്. ചെറിയ ജംഗ്ഷനുകളിൽപ്പോലും വെയിറ്റിംഗ് ഷെഡ് നിർമിക്കുന്ന ഇക്കാലത്ത് ഇത്രയേറെ പ്രാധാന്യമുളള മുരുക്കുംപുഴയിൽ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് യാത്രക്കാരോടുളള അധികൃതരുടെ അവഗണനാ മനോഭാവമാണെന്നാണ് യാത്രക്കാർ പറയുന്നത്.