മഴയിലും ആവേശമായി ആവണിഞ്ചേരി പൂരം

ആറ്റിങ്ങൽ: മഴ കാരണം വൈകിയെങ്കിലും പൂരം കാണാൻ ആയിരങ്ങൾ എത്തി. വൈകുന്നേരം 4മണിക്ക് തുടങ്ങേണ്ട തിരുമുമ്പിൽ മേളം അഞ്ചര മണിയോടെയാണ് ആരംഭിച്ചത്. അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ മേള പെരുക്കത്തോടെ കുടമാറ്റം അരങ്ങേറിയത്. ഗജരാജൻ ചെർപ്പുളശേരി അനന്തപത്മനാഭൻ എന്ന ആന മഹാദേവന്റെ തിടമ്പേറ്റി തലയെടുപ്പോടെ നിന്നപ്പോൾ ജനം ആർപ്പുവിളിച്ചു. ഈ ആനയെക്കൂടാതെ കേരളത്തിലെ ഗജകേസരികളായ പനയ്ക്കൽ നന്ദൻ,​ പുത്തൻകുളം ഹരിക്കുട്ടൻ,​ പുത്തൻകുളം അനന്തപത്മനാഭൻ,​ പുത്തൻകുളം മോദി,​ പുത്തൻകുളം അർജ്ജുനൻ,​ ചൂരൂരുമഠം രാജശേഖരൻ എന്നീ 7 ആനകളാണ് പൂരത്തിന് കുടമാറ്റത്തിൽ പങ്കെടുത്തത്. ക്ഷേത്ര ഗോപുരത്തിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ ഉയർന്ന തലത്തിലാണ് മേളം കൊട്ടിക്കയറിയത്. മേള കലാരത്നവും തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെ അഭിമാനവുമായ കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. ഇടംതലയ്കലും വലം തലയ്ക്കലും പ്രമുഖ മേളക്കാർകൂടി അണിനിരന്നതോടെ കൊട്ടിക്കയറ്റം ആവേശമായി. കൊട്ടിന് അകമ്പടിയായി ഇലത്താളവും കൊമ്പും കുറുകുഴലും മേളലയത്തിന് ആക്കം കൂട്ടി. 51 പേരാണ് മേളത്തിനായി അണിനിരന്നത്. ആശാനെകൂടാതെ 24 ചെണ്ടക്കാരും 13 ഇലത്താളക്കാരും 8 കൊമ്പും 6 കുഴലും മേളത്തിന് കൊഴുപ്പേകി. ക്ഷേത്രാങ്കണത്തിൽ ചെമ്പടയിലാണ് മേളം ആരംഭിച്ചത്. തുടർന്ന് കിഴക്കേ ഗോപുരത്തിനു മുന്നിലെത്തി ചെമ്പട കൊട്ടിതീർത്ത് പഞ്ചാരി മേളവും ഇലഞ്ഞിത്തറ മേളവും കൊട്ടി തീർത്തു.