വികസനത്തിന് ഒരു കൈ സഹായം ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ്

അരുവിക്കര : യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ ഇന്നത്തെ പര്യടനം അരുവിക്കര നിയോജകമണ്ഡലത്തിലെ കല്ലാറില്‍ നിന്നും ആരംഭിച്ചു.രാവിലെ 8.30 ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ പര്യടന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.ഐസര്‍ അടക്കമുള്ള കേന്ദ്ര പദ്ധതികള്‍ കൊണ്ടുവന്നതില്‍ സമ്പത്തിന് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.കെ ആന്റണി, വയലാര്‍ രവി, ജി.കാര്‍ത്തികേയന്‍ എന്നിവരുടെ ശ്രമഫലമായിട്ടാണ് കേന്ദ്ര പദ്ധതികള്‍ പലതും വന്നതെന്നും ശബരിനാഥന്‍ കുട്ടിച്ചേര്‍ത്തു. ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ വകവയ്ക്കാതെ കവലകളിലും വഴിയോരങ്ങളിലും വന്‍ ജനസാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു. കൈ വീശിയും ഷാള്‍ അണിയിച്ചും മുദ്രാവാക്യം മുഴക്കിയും തങ്ങളുടെ പ്രിയങ്കരനായ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തി.

ഹര്‍ഷാരവത്തോടെയാണ് സ്ഥാനാര്‍ത്ഥിയെ ചെറിയ കുട്ടികളും വൃദ്ധജനങ്ങളും അടങ്ങുന്ന ആദിവാസി സമൂഹം സ്വീകരിച്ചത്. ആദിവാസികളുടെ ആവലാതി പരിഹാരം കാണുവാന്‍ താന്‍ എന്നും കൂടെയുണ്ടാകുമെന്ന് അടൂര്‍ പ്രകാശ് ആദിവാസികള്‍ക്ക് ഉറപ്പുനല്‍കി. ഉച്ചവിശ്രമത്തിന് മുമ്പുള്ള അവസാന സ്വീകരണ കേന്ദ്രമായ പനയ്‌ക്കോട് സ്‌കൂള്‍ ജംഗ്ഷനില്‍ എത്തുമ്പോള്‍ മീനചൂടിനെ അവഗണിച്ച് നൂറുകണക്കിനു പേരാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത്.ഉച്ചവിശ്രമത്തിന് ശേഷം കാരയ്ക്കന്‍തോട് നിന്നും ആരംഭിക്കുമ്പോള്‍ കോണ്‍ഗസ് പ്രവര്‍ത്തകരും വോട്ടര്‍മാരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. രാത്രി വൈകി ആര്യനാട് ഗാന്ധി ജംഗ്ഷനില്‍ ഇന്നലത്തെ പര്യടനം സമാപിക്കുമ്പോള്‍ വര്‍ധിച്ച ജന സാന്നിധ്യം ദൃശമായിരുന്നു.