കാട്ടാക്കടയെ നെഞ്ചോട് ചേര്‍ത്ത് അടൂര്‍ പ്രകാശ്

കാട്ടാക്കട നിയോജക മണ്ഡലത്തിലെ മാറനല്ലൂര്‍ പഞ്ചായത്തിന്റെയും കാട്ടാക്കട പഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന കൊറ്റംപള്ളിയില്‍നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പര്യടനം രാവിലെ 8.30ന് മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ദ്രോഹിച്ച് രാജ്യത്തെ വന്‍കിടക്കാര്‍ക്കു വേണ്ടിയാണ് നരേന്ദ്ര മോദി ഭരണം നടത്തിയത്. അസഹിഷ്ണുതയുടെ രാഷട്രീയമാണ് മോദിയുടേതെന്ന് എന്‍.ശക്തന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൊറ്റംപള്ളിയിലെ സ്വീകരണത്തിനുശേഷം രണ്ടാമത്തെ കേന്ദ്രമായ അമ്പലത്തിന്‍കാലയില്‍ സ്ഥാനാര്‍ത്ഥി എത്തുമ്പോഴേക്കും നാടൊന്നാകെ വഴിയോരങ്ങളില്‍ മിഴിനട്ട് അണിനിരന്നു. കൈ വീശിയും പൂക്കള്‍ വിതറിയും ആവേശത്താല്‍ മുദ്രാവാക്യം മുഴക്കിയും തങ്ങളുടെ പ്രിയ സാരഥിക്കവര്‍ വിജയാശംസകള്‍ നേര്‍ന്നു. പൂവന്‍വിളയില്‍ ഉച്ചവിശ്രമത്തിനായി എത്തുമ്പോഴേക്കും മീനചൂടിനെ അവഗണിച്ച് നൂറുകണക്കിന് ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയിരുന്നു. വെളിയംകോട്, കുന്നില്‍, വണ്ടന്നൂര്‍, റസ്സല്‍പുരം, മുടവൂര്‍പ്പാറ തുടങ്ങിയ കേന്ദ്രങ്ങളിലെ ഉജ്വല വരവേല്‍പ്പിനു ശേഷം വെടിവച്ചാന്‍കോവിലിന് നടയില്‍ എത്തുമ്പോള്‍ പകലു മാറി സന്ധ്യയായി. 60 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം അവസാന സ്വീകരണ കേന്ദ്രമായ അമ്മാനൂര്‍ക്കോണത്തേക്ക് എത്തുമ്പോള്‍ രാത്രി പത്തു മണിയായി അപ്പോഴും വര്‍ധിച്ച ജനസാന്നിധ്യം കാരണം സ്ഥാനാര്‍ത്ഥിയെയും വഹിച്ചുള്ള വാഹനം പോലും നന്നേ ബുദ്ധിമുട്ടി. വര്‍ക്കല കഹാര്‍, ബി.എന്‍ ശ്യാംകുമാര്‍, എം.മണികണ്ഠന്‍, വണ്ടന്നൂര്‍ സന്തോഷ്, എ.ബാബു കുമാര്‍, മലയിന്‍കീഴ് വേണുഗോപാല്‍, എം.ആര്‍ബൈജു, ശോഭനകുമാരി, ആര്‍.ആര്‍ സജയ് കുമാര്‍, രാധാകൃഷ്ണന്‍ നായര്‍, രമ, രമ കുമാരി എന്നിവരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

അടൂര്‍ പ്രകാശ് നാളെ വര്‍ക്കലയില്‍

ആറ്റിങ്ങല്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വര്‍ക്കല നിയോജക മണ്ഡലത്തിലെ നാവായിക്കുളം ബ്ലോക്കിലെ കാട്ടുപുതുശേരിയില്‍നിന്നും രാവിലെ എട്ടിനാരംഭിച്ച് മടവൂര്‍ പഞ്ചായത്തിലെ മടവൂരില്‍ ഉച്ച വിശ്രമത്തിനുശേഷം വൈകുന്നേരം 3.30ന് കോവൂര്‍ വായനശാലയില്‍നിന്നും ആരംഭിച്ച് നാവായികുളം പഞ്ചായത്തിലെ പുലിക്കുഴിയില്‍ സമാപിക്കും.