തിരുവനന്തപുരം, വർക്കല, ആറ്റിങ്ങൽ  കോടതികൾ അഭിഭാഷകർ ബഹിഷ്കരിച്ചു. ആറ്റിങ്ങലിൽ ഡിവൈഎസ്പി ഓഫീസിൽ ധർണ നടത്തി

ആറ്റിങ്ങൽ: ഇന്ന് ആറ്റിങ്ങൽ, തിരുവനന്തപുരം, വർക്കല കോടതികൾ അഭിഭാഷകർ ബഹിഷ്കരിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകന് നേരെ വർക്കല പോലീസ് സർക്കിൾ ഇൻസ്പക്ടർ അതിക്രമം നടത്തിയെന്നാരോപിച്ചാണ് അഭിഭാഷകരുടെ പ്രതിഷേധം. ആറ്റിങ്ങലിൽ ബാർ അസോസിയേഷന്റെ നേതൃത്യത്തിൽ ഡി.വൈ.എസ്.പി ഓഫീസിലേക്ക് ധർണയും നടത്തി.

വർക്കല സിഐ അഭിഭാഷകന് നേരെ അതിക്രമം നടത്തിയെന്നാണ് ആരോപണം. എന്നാൽ വർക്കല സിഐ പറയുന്നത് അഭിഭാഷകൻ വനിത പോലീസിനോട് അപമര്യാദയായി പെരുമാറിയത് മജിസ്‌ട്രേറ്റിന് മുന്നിൽ അറിയിച്ചതിലുള്ള രോഷമാണ് തനിക്കെതിരെയുള്ള ആരോപണം എന്നാണ്. സംഭവത്തിനാസ്പദമായ സാഹചര്യവും അദ്ദേഹം പറഞ്ഞു.

വർക്കലയിൽ യുവാവ് സ്വന്തം അമ്മയുടെ സഹോദരന്റെ ഭാര്യയുമായി ഒളിച്ചിടെയെന്നും തുടർന്ന് സ്ത്രീയുടെ വീട്ടുകാർ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഒളിച്ചോടിയവർക്കൊപ്പം എത്തിയ അഭിഭാഷകൻ വിവാഹിതയായ യുവതിയെ യുവാവിനൊപ്പം വിടണമെന്ന നിലപാടിൽ നിന്നെന്നും പറയുന്നു. മാത്രമല്ല യുവതിയുടെ വീട്ടുകാർ അഭിഭാഷകന് നേരെ അസഭ്യം പറയുകയും ചെയ്തത്രെ. കൂടാതെ അഭിഭാഷകൻ വനിതാ പോലീസിനോട് മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും പറയുന്നു.

എന്നാൽ ഇന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫിസിൽ നടന്ന ധർണയിൽ വർക്കല സിഐക്ക് എതിരെയാണ് മുദ്രാവാക്യം ഉയർന്നത്. ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ :എം എസ് ഹുസൈൻ ധർണ ഉദ്‌ഘാടനം ചെയ്തു. അഡ്വ :ഷൈൻ ദിനേശ്, അഡ്വ:എം എസ് ഫൈസി, അഡ്വ കരേറ്റ് മോഹൻദാസ്, അഡ്വ :നിമാ വിനോദ്, അഡ്വ :ലാലി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.