ആലംകോട് ഹിഫ്ളുൽ ഖുർആൻ കോളേജ് & റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നാളെ : മതപ്രഭാഷണം ഇന്ന് മുതൽ…

ആലംകോട്: ആലംകോട് മുസ്ലിം ജമാഅത്ത് അസയ്യിദ് ഉദാറത്ത്‌ പൂക്കോയ തങ്ങൾ ഹിഫ്ളുൽ ഖുർആൻ കോളേജ് & റിസർച്ച് സെന്ററിന്റെ ഉദ്ഘാടനവും മതപ്രഭാഷണവും 2019 ഏപ്രിൽ 30, മെയ് 1,2 തീയതികളിൽ നടക്കും. ഹിഫ്ളുൽ ഖുർആൻ കോളേജ് & റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നിർവഹിക്കും.

പരിശുദ്ധ റമളാന് മുന്നോടിയായി ആലംകോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി വർഷംതോറും നടത്തിവരാറുള്ള മത പ്രഭാഷണം ഇന്ന് വൈകുന്നേരം 7 മണിക്ക് ആലംകോട് പള്ളി അങ്കണത്തിൽ വച്ച് നടക്കും. ആലങ്കോട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ശിഹാബുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് മുനീർ ഹുദവി ‘അന്ത്യനാൾ അടുത്തുവോ ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. നാളെ രാവിലെ 9 30 മുതൽ ഡോ നിസാമുദ്ദീൻ, ഡോ.നൗഫ നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പും രോഗ നിർണയവും നടക്കും.

നാളെ വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഹിഫ്‌ളുൽ ഖുർആൻ കോളേജ് ആൻഡ് റിസർച്ച് സെൻറർ ഉദ്ഘാടനസമ്മേളനത്തിൽ പ്രസിഡൻറ് എ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിക്കും. ചീഫ് ഇമാം ശിഹാബുദ്ദീൻ ഫൈസി ദുആ നടത്തും. വൈസ് പ്രസിഡൻറ് അഡ്വ നിസാമുദീൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സെക്രട്ടറി എ ഷാഹുൽഹമീദ് റിപ്പോർട്ട് അവതരിപ്പിക്കും. ഷംസുദ്ദീൻ അഹ്സനി, അബ്ദുറഹീം ബാഖവി, ഹാജി പാനിപ്ര ഇബ്രാഹിം കുട്ടി മൗലവി, ഹാജി ഷാഹുൽ ഹമീദ്, അഡ്വ പി.എം ബഷീർ, എംഎം അഷ്‌റഫ്‌, ഡി ഇമാമുദീൻ, അഡ്വ എ.എ ഹമീദ്, എം എം നസീർ, പിഎം ബഷീർ, എംഎം ഖാൻ സാഹിബ്‌, കെ എം ഹാഷിം ഹാജി തുടങ്ങിയവർ സംസാരിക്കും. മെയ് രണ്ടിന് നടക്കുന്ന മതപ്രഭാഷണത്തിനും പ്രാർത്ഥനയ്ക്കും ദേവർഷോല അബ്ദുൽ സലാം മുസ്‌ലിയാർ നേതൃത്വം നൽകും.