ശ്രദ്ധിക്കുക : കനത്ത മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലെർട്ട്: 9 ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത

തിരുവനന്തപുരം​: കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻെറ പ്രവചനത്തിൻെറ പശ്ചാത്തലത്തിൽ നാല്​ ജില്ലകളിൽ തിങ്കളാഴ്​ച യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിലാണ്​ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചത്​. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ഒമ്പത്​ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്​. രാത്രി സമയത്ത് (രാവിലെ ഏ​ഴ്​ മുതൽ രാത്രി ഏഴ്​ വരെ) മലയോര മേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന്​ മുന്നറിയിപ്പുണ്ട്​.

തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴ​ലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത്​ തമിഴ്​നാട്​ തീരത്ത്​ നാശം വിതക്കാൻ ഇടയു​ണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകുന്നു. ന്യൂനമർദത്തിൻെറ പ്രഭാവത്തിൽ വെള്ളിയാഴ്​ച മുതൽ കേരളത്തിൽ ശക്തമായ കാറ്റ്​ വീശുവാൻ സാധ്യതയു​ണ്ടെന്നും (ചില സമയങ്ങളിൽ ഇത്​ 50 കി.മീ വരെ വേഗത) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പൊതുജനങ്ങൾക്കുള്ള പൊതു അറിയിപ്പ്

1. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളിൽ ഉരുള്പൊട്ടല്‍ സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (രാവിലെ ഏഴ്​ മുതൽ രാത്രി ഏഴ്​ വരെ) മലയോരമേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണം
2. കാറ്റ് ശക്തിയായി വീശും എന്നതിനാല്‍ മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവയുടെ താഴെ വാഹനം നിര്‍ത്തിയിടാതിരിക്കുക. മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവയുടെ താഴെ കാറ്റ് വീശുന്ന സമയത്ത് ഇരിക്കാതിരിക്കുക.
3. മലയോര മേഘലയിലെ റോഡുകൾക്ക്​ കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾ​െപാട്ടലും ഉണ്ടാകുവൻെ സാധ്യതള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
4.മലയോര മേഘലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
5. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
6 . ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത്
7 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക.
8. ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്​. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
9. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.
10. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്ത്​ സൂക്ഷിക്കുക.
11. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നൽകുക.
12. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
13 . ജില്ലാ എമർജൻസി ഓപ്പറേഷൻസ്​ സ​െൻറർ നമ്പർ 1077 എന്നതാണ്. ജില്ലക്ക്​ പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ എസ്​.ടി.ഡി കോഡ്​ ചേർക്കുക
14 . പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കൈയിൽ സൂക്ഷിക്കുക.
15. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഉള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
16. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.