ആരോരുമില്ലാത്ത യുവാവ് വേനൽ ചൂടിൽ പഴുത്ത ഷീറ്റിനടിയിൽ…. ഇങ്ങനെയും ചിലർ ഇവിടെ ജീവിക്കുന്നുണ്ട് ‘

നാവായിക്കുളം : ഉറ്റവരും ഉടയവരും ഉപേക്ഷിച്ചതോടെ സ്വന്തം വിധിയെ പഴിച്ച് മരണം കൊതിച്ചൊരു പ്രവാസി. നാവായിക്കുളം ചിറ്റായിക്കോട് അനിൽ ഭവനിൽ അനിൽകുമാറാണ് (43) വിധിയെ പഴിച്ച് ജീവിക്കുന്നത്.

കെട്ടുറപ്പുള്ള ഒരു വീടും മക്കളുടെ മികച്ച വിദ്യാഭ്യാസവും സ്വപ്നം കണ്ടാണ് 2012-ൽ അനിൽകുമാർ മസ്ക്കറ്റിലെത്തുന്നത്. എന്നാൽ എട്ട് മാസം തികയുന്നതിനുമുൻപേ പണി നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് കാല്‍ വഴുതി വീണ് അരക്കെട്ട് തകർന്ന അനിൽകുമാർ പിന്നെ ഇന്നേവരെ എഴുന്നേറ്റിട്ടില്ല.

വിദഗ്ധ ചികിത്സ ലഭിച്ചാൽ അനിൽ കുമാറിന് എഴുന്നേറ്റ് നടക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ആര്യനാട് സ്വദേശിയായ ഭാര്യയും മക്കളും കുറെനാൾ ശുശ്രൂഷിച്ചെങ്കിലും മടുത്തപ്പോൾ രണ്ട് വർഷത്തിന് മുൻപ് ഇയാളെ ഉപേക്ഷിച്ചുപോയി. പിന്നെ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ആക്രിക്കടകളിൽ നിന്നും മറ്റും നാട്ടുകാർ പെറുക്കിയെടുത്ത ഷീറ്റുകളും തടികഷണങ്ങളും കൊണ്ട് സ്വന്തമായി വാങ്ങിയ അഞ്ചു സെന്റ്‌ ഭൂമിയിൽ ഒറ്റ മുറി ഷീറ്റിട്ട വീടുണ്ടാക്കിയെങ്കിലും പഞ്ചായത്ത്‌ വീടിന് മുടന്തൻ ന്യാങ്ങൾ പറഞ്ഞ് വീട്ടുനമ്പർ നൽകാതെയും, കക്കൂസിന് പോലും സാമ്പത്തിക സഹായം നൽകാതെയും കിടപ്പ് രോഗിയെ അവഗണിച്ചു. വികലാംഗ പെൻഷൻ നൽകാതെയും, എൻ.പി.എൻ.എസ് (പൊതു വിഭാഗം) വെള്ള റേഷൻകാർഡ് നൽകിയും സർക്കാരും ഇയാൾക്ക് എട്ടിന്റെ പണി നൽകി. ഭക്ഷണത്തിനോ മരുന്നിനോ നിവർത്തിയില്ലാതെ പരസഹായമില്ലാതെ ഒന്നനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന അനിൽകുമാറിന് നാട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം നൽകുന്നത്. മൂത്രം പോകുന്നത് ട്യൂബ് വഴിയാണ്. ആറുവർഷമായി ഒരേ കിടപ്പ് കിടക്കുന്നതിനാൽ ശരീരം പൊട്ടി ഒലിക്കുന്നുണ്ട്. ചുട്ടു പഴുത്ത ഷീറ്റുമേഞ്ഞ വീടിനുള്ളിൽ ആരോടും പരാതിയും പരിഭവവുമില്ലാതെ സ്വന്തം വിധിയെ പഴിച്ച് മരണം കൊതിച്ച് കിടക്കുന്ന ഇദ്ദേഹത്തെ സഹായിക്കാൻ കനിവിന്റെ ഉറവ വറ്റാത്തവർ വിളിക്കുക. ഫോൺ: 9645800912.

അനിൽകുമാറിന് ഫെഡറൽ ബാങ്കിന്റെ കല്ലമ്പലം ശാഖയിൽ അക്കൗണ്ട്‌ ഉണ്ട്. നമ്പർ: 17340100070854. IFSC : FDRL0001734.