ഈ റോഡ് എന്ന് നന്നാക്കും? പ്രദേശവാസികൾ ദുരിതത്തിൽ….

കരവാരം: കരവാരത്തെ തലവിളമുക്ക് – ഈരാണിക്കോണം റോഡിൽ എതുക്കാട് വരെയുള്ള 400 മീറ്റർ റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് നാളേറെയായി. ഈ റോഡിന്റെ പണി പൂർത്തീകരിക്കാത്തതിനാൽ യാത്രാദുരിതവും ഏറെയാണ്‌. റോഡ്‌ വികസിപ്പിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്തിൽ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന പരാതി വ്യാപകമാണ്.

2007ൽ എട്ടുമീറ്ററുണ്ടെങ്കിൽ റോഡ്‌ പണി നടത്താമെന്ന ബന്ധപ്പെട്ടവരുടെ വാക്കിനെ തുടർന്ന് ആവശ്യമായ ഭൂമി വിട്ടുനൽകാൻ നാട്ടുകാർ തയാറായി. എട്ടിനു പകരം ഒൻപതു മീറ്റർ റോഡിനുള്ള സൗകര്യമുണ്ടാക്കി . 2008ൽ എം.പി ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിക്കാമെന്ന് പറഞ്ഞ് പണികളുടെ ഉദ്ഘാടനവും നടന്നു. പണിക്കായി ആകെ അനുവദിച്ചത് 10 ലക്ഷം രൂപയാണ്. തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി അറുപത് ലക്ഷം രൂപ അനുവദിക്കുകയും പണി പുനരാരംഭിക്കുകയുമുണ്ടായി. എന്നാൽ അഞ്ചു തവണ പണികളുടെ ഉദ്ഘാടനം നടത്തി ബോർഡ് സ്ഥാപിച്ചതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല. അഞ്ചാം തവണ ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ടി. ജലീൽ 15 ദിവസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് റോഡ്‌ ഗതാഗത യോഗ്യമാക്കുമെന്നാണ് നാട്ടുകാർക്ക് ഉറപ്പ് നൽകിയത്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ടാണ് പണി പൂർത്തിയാകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കിട്ടിയ കരവാരം പഞ്ചായത്തിൽ ഈ ഒരു റോഡ്‌ മാത്രമാണ് ഇനിയും പുനർ നിർമ്മാണ പ്രവർത്തികള്‍ പൂർത്തിയാകാതെയുള്ളത്. രാജഭരണ കാലത്ത് നിർമ്മിച്ച റോഡിനാണ് ഈ ദുർഗതി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.