ഇടിച്ച വാഹനം നിർത്താതെ പോയി, ബൈക്ക് യാത്രികൻ മരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. എന്നാൽ കാർ നിർത്താതെ പോവുകയായിരുന്നു. ആറ്റിങ്ങൽ ഊരുപൊയ്ക പരുത്തിയിൽ സുധീഷ് ഭവനിൽ സുധീഷ് (29) ആണ് മരിച്ചത്. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അപകടം സംഭവിച്ചത്. അവനഞ്ചേരി ഭാഗത്ത് നിന്നും ബൈക്കിൽ വരുകയായിരുന്ന സുധീഷിന്റെ ബൈക്കിൽ എതിർദിശയിൽ വന്ന ബുള്ളറ്റിന്റെ ഹാൻഡ്‌ലിൽ തട്ടി. തുടർന്ന് സുധീഷിന്റെ നിയന്ത്രണം തെറ്റി. ഈ സമയം എതിർദിശയിൽ വന്ന ഇന്നോവ കാർ സുധീഷിന്റെ ബൈക്കിൽ ഇടിക്കുകയും സുധീഷ് തെറിച്ചു വീഴുകയും ചെയ്‌തെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ- സുര,
അമ്മ- ഇന്ദിര
സഹോദരി- സുജിത.