ആറ്റിങ്ങലിൽ കള്ള വോട്ടുകളിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം, തെളിവുകൾ നിരത്തി അടൂർ പ്രകാശ്

കള്ള വോട്ടുകളിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആറ്റിങ്ങലില്‍ ശ്രമം നടക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകള്‍ ചെയ്യാനുള്ള സാഹചര്യമുണ്ടാക്കി വ്യാജ ഐഡി കാർഡുകൾ നിർമിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറി നടന്നുവെന്നാണ് ആരോപണം. ഇതില്‍ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.

ആറ്റിങ്ങല്‍ പാര്‍ലമെന്റ മണ്ഡലത്തില്‍ വന്‍ തോതില്‍ ആള്‍ മാറാട്ടത്തിനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ആരോപണം. ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്നതിനായി രണ്ട്, മൂന്ന്, നാല് ഇലെക്ഷന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വരെ അനുവദിച്ച്‌ നല്‍കിയിട്ടുണ്ടത്രെ . ഒരാള്‍ ഒന്നിലധികം ഐഡന്റിറ്റി കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നത് ആള്‍മാറാട്ടം ആണ്. ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തുന്നതിനായി വ്യാജ രേഖ ചമക്കുകയാണ് ചെയ്തിരിക്കുന്നത്രെ.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തു വിട്ടത്. ഒരുലക്ഷത്തിലേറെ ഇരട്ട ഐഡി കാർഡുകൾ ഉണ്ടെന്നാണ് അടൂർപ്രകാശ് ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ സഹിതമാണ് അടൂർ പ്രകാശ് പത്ര സമ്മേളനത്തിൽ വിവരം പുറത്ത് വിട്ടത്. വിവിധ തലങ്ങളിൽ പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇതിൽ ഏതെങ്കിലും ഒരു പാർട്ടിയെ മാത്രം കുറ്റപ്പെടുത്തി പറയാനില്ലെന്നും അടൂർ പ്രകാശ്.