ആറ്റിങ്ങലിൽ അഗ്നിശമന സേന ദിനം ആചരിച്ചു

ആറ്റിങ്ങൽ : ഏപ്രിൽ 14 , ഭാരതമൊട്ടുക്കും അഗ്നിശമന സേന ദിനമായി ആചരിക്കുന്നു.ഇന്ന് ആറ്റിങ്ങൽ അഗ്നിശമനസേനയിൽ വിവിധ പരിപാടികൾ നടന്നു. 1944 ഏപ്രിൽ 14 ന്‌ ഉച്ച കഴിഞ്ഞ്‌ 12.45 ന്‌ മുംബൈ തുറമുഖത്ത്‌ നങ്കൂരമിട്ടുകിടന്ന ‘എസ്‌.എസ്‌.ഫോർട്ട്‌ സ്‌റ്റിക്കിനേ’ എന്ന കപ്പലിൽ വൻ സ്‌ഫോടനത്തോടുകൂടി ഒരു തീപ്പിടുത്തമുണ്ടായി. സ്‌ഫോടകവസ്‌തുക്കൾ കയറ്റിയിരുന്ന ഈ കപ്പലിലെ തീപ്പിടുത്തത്തിലും തുടർന്നുണ്ടായ സ്‌ഫോടനത്തിലും ഒട്ടേറെ മനുഷ്യർ മരണപ്പെട്ടു. കോടികണക്കിനു രൂപയുടെ വസ്‌തുവകകൾ നശിച്ചു. സ്‌ഫോടകവസ്‌തുക്കളാണ്‌ കപ്പലിൽ സംഭരിച്ചിരിക്കുന്നതെന്ന്‌ മനസ്സിലാക്കിയ അഗ്നിശമന സേന പല വിഭാഗങ്ങളിലായി തിരിഞ്ഞ്‌ തങ്ങളുടെ കർത്തവ്യ നിർവഹണത്തിൽ ധീരമായി ഏർപ്പെട്ടു. ഈ പ്രവർത്തനത്തിൽ 59 സേനാംഗങ്ങളുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടു. നിരവധി പേർക്കു അംഗവൈകല്യം സംഭവിക്കുകയും ചെയ്‌തു. അലക്ഷ്യമായി വലിച്ചെറിഞ്ഞ കത്തുന്ന ഒരു സിഗററ്റ്‌കുറ്റിയാണ്‌ ഈ തീപ്പിടുത്തത്തിന്‌ കാരണമായതെന്ന്‌ പിന്നീട്‌ നടന്ന അന്വേഷണത്തിൽ തെളിഞ്ഞു. ഈ സംഭവം അനുസ്‌മരിച്ചുകൊണ്ടും വിശേഷിച്ചു കേരളത്തിലേതടക്കം മൺമറഞ്ഞ ധീരരായ അഗ്നിശമന സേനാംഗങ്ങളെ ആദരിച്ചു കൊണ്ടുമാണ്‌ എല്ലാവർഷവും ഏപ്രിൽ 14 രാജ്യമൊട്ടുക്കും അഗ്നിശമന സേനാ ദിനമായി ആചരിക്കുന്നത്‌.

ആറ്റിങ്ങലിൽ രാവിലെ സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ പതാക ഉയർത്തി. തുടർന്ന് ആറ്റിങ്ങൽ മൂന്ന്‌മുക്ക് മുതൽ ആലംകോട് വരെ വാഹന റാലി നടത്തി. കൂടാതെ ഫയർ ആൻഡ് റെസ്ക്യൂ സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകൾ ജനങ്ങൾക്ക് വിതരണം ചെയ്തു. ചെങ്കിക്കുന്നു സർഗ്ഗസംസ്കൃതി ക്ലബ്ബിന്റെ സഹകരണത്തോടെ ചെങ്കിക്കുന്ന് ബ്ലോക്ക് ഓഫിസിൽ വെച്ച് ബോധവത്കരണ ക്ലാസും നയിച്ചു. ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പരിപാടികളിൽ പങ്കെടുത്തു.

വിവിധ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട്‌ ജീവൻ വെടിഞ്ഞ ധീരരായ സേനാംഗങ്ങളുടെ പ്രവർത്തനം മറ്റ്‌ സേനാംഗങ്ങൾക്ക്‌ പ്രചോദനമേകണം എന്ന ലക്ഷ്യത്തോടെയാണ്‌ ഈ ദിനം ആചരിക്കുന്നത്‌. കൂടാതെ ഫയർഫോഴ്‌സ്‌ ദിനത്തോടനുബന്ധിച്ച്‌ വിവിധ അനുസ്‌മരണ ചടങ്ങുകൾ ഉൾപ്പെടുന്ന ഒരാഴ്‌ച നീണ്ടു നിൽക്കുന്ന വാരാഘോഷവും നടത്തി വരുന്നു.