ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം മാലിന്യം റോഡുവക്കിൽ കൂട്ടിയിട്ട നിലയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും ഓട്ടോ സ്റ്റാൻഡിനുമിടയിലൂടെ ഒഴുകുന്ന മാലിന്യം ജനങ്ങൾക്ക്‌ തലവേദനയാകുന്നു. ഈ ഓടയിലൂടെ ഒഴുകുന്നത് ഹോട്ടൽ മാലിന്യം കക്കൂസ് മാലിന്യവുമാണ്. രൂക്ഷമായ ദുർഗന്ധം കാരണം ജനങ്ങൾ പൊറുതി മുട്ടുകയാണ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കും ഓട്ടോ സ്റ്റാൻഡിലേക്ക്മെത്തുന്ന യാത്രക്കാർക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാൽ മാലിന്യം നിറഞ്ഞു കവിയുന്നതോടെ നഗരസഭയിൽ നിന്നും ജീവനക്കാർ എത്തി മാലിന്യം ഓടയിൽ നിന്നും കോരി റോഡുവക്കിൽ ഒതുക്കിവെച്ച് ബ്ലീച്ചിങ് പൗഡർ തളച്ചിട്ട് പോകും. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ബ്ലീച്ചിംഗ് പൗഡർ തളിച്ചിട്ട് പോകുന്നത് അല്ലാതെ ഇത് ഇവിടുന്ന് കോരി മാറ്റാനോ ഓടയിലൂടെ ഒഴുകുന്ന ഹോട്ടൽ മാലിന്യങ്ങൾക്കും കക്കൂസ് മാലിന്യങ്ങൾക്കും അറുതി വരുത്താനോ നഗരസഭ തയ്യാറാകാത്തത് വലിയ കെടുകാര്യസ്ഥത ആണെന്നാണ് ജനങ്ങളുടെ വാദം. ഇത് സംബന്ധിച്ച് നിരവധി തവണ നഗരസഭയിൽ പരാതി സമർപ്പിച്ചിട്ടും യാതൊരുവിധ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ വാർഡ് കൗൺസിലർ ബിജെപി പ്രതിനിധി ആയതിനാൽ നഗരസഭ അധികൃതർ മനപൂർവ്വം ഈ വാർഡിനെ തഴയുന്നെന്നും ഇത്തരം പ്രശ്നങ്ങളിൽ ശാശ്വതപരിഹാരം കാണുന്നില്ലെന്നും വാർഡ് കൗൺസിലർ ആരോപിച്ചു. മാത്രമല്ല ആര് ഏത് പാർട്ടി ആയാലും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തി നഗരസഭ പ്രവർത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.