ആറ്റിങ്ങൽ നഗരസഭ ലക്ഷങ്ങളുടെ അഴിമതി നടത്തുന്നെന്ന് ആരോപിച്ച് ഉപവാസം

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ ലക്ഷങ്ങളുടെ അഴിമതി നടത്തുന്നെന്ന് ആരോപിച്ച് നഗരസഭയ്ക്ക് മുന്നിൽ ശ്രീനാരായണ കൾച്ചറൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങി.

ശ്രീനാരായണ കൾച്ചറൽ മൂവ്മെൻറ് ജനറൽ സെക്രട്ടറി വിജേന്ദ്രകുമാർ എം ആണ് മുനിസിപ്പാലിറ്റി പടിക്കൽ 24 മണിക്കൂർ ഉപവാസ സമരം നടത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസം നാളെ രാവിലെ പത്ത് മണിക്കാണ് അവസാനിപ്പിക്കുന്നത്. ശ്രീനാരായണ കൾച്ചറൽ മൂവ്മെൻറ് പ്രസിഡൻറ് ഡോ ബിജു രമേശ് ഉപവാസ സമരം ഉദ്‌ഘാടനം നിർവ്വഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എൻജിനീയറിങ് വിഭാഗം ഒരിക്കലും ദർശിച്ചിട്ടില്ലാത്ത അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിത്താഴ്‌ന്നെന്നും ചെറു വീടുകൾ പോലും നിർമ്മിക്കാൻ ലക്ഷങ്ങളാണ് കൈക്കൂലി വാങ്ങുന്നതെന്നും ആരോപിച്ചു.

എഞ്ചിനീയറിംഗ് സെക്ഷനിലെ ഓവർസിയർ കടവിള സ്വദേശി ദിനേശ് ആണ് ലക്ഷങ്ങൾ കോഴ വാങ്ങി മുകൾത്തട്ടിൽ വരെയുള്ള അധികാരികൾക്ക് നൽകുന്നതെന്നും ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും കെട്ടിട നിർമ്മാണാനുമതി അപേക്ഷിച്ചാൽ നിയമപ്രകാരം 15 ദിവസത്തിനകം നൽകണമെന്നും അഴിമതി നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഉപവാസ സമരം നടത്തുന്നത്. സമരപന്തലിൽ മുനിസിപ്പാലിറ്റിയിൽ പൊതുജനത്തിന് ഏറ്റ തിക്താനുഭവങ്ങൾ പരാതിയായി സ്വീകരിക്കുകയും പരാതി ക്രോഡീകരിച്ച് ഉപവാസാനന്തരം മുഖ്യമന്ത്രിക്ക് നൽകുമെന്നും ശ്രീനാരായണ കൾച്ചറൽ മൂവ്മെൻറ് ഭാരവാഹികൾ അറിയിച്ചു.