സ്ഥാനാർത്ഥികൾ വിശ്രമമില്ലാതെ ആറ്റിങ്ങലിൽ സജീവം

ആ​റ്റിങ്ങൽ : വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് സ്ഥാനാർത്ഥികൾ വിശ്രമിക്കേണ്ട ദിവസമായിരുന്നു ഇന്നലെ. എന്നാൽ പതിവ് തെറ്റിച്ച് ആ​റ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും സജീവമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെക്കാലമായി മണ്ഡലത്തിൽ നിറഞ്ഞ് നിന്നവർ തിരഞ്ഞെടുപ്പിന് ശേഷവും മണ്ഡലത്തിലെ രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായിരുന്നു ഇന്നലത്തെ കാഴ്ച.യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശ് എൽ.ഐ.സി ഓഫീസിന് എതിർവശത്തുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസിലെത്തി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി. ഫോൺ മുഖാന്തരം അടൂർപ്രകാശ് നിലവിൽ പ്രതിനിധീകരിക്കുന്ന കോന്നി മണ്ഡലത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെട്ടു. ആ​റ്റിങ്ങലിലെ തിരഞ്ഞെടുപ്പ് വിലയിരുത്തലുകൾക്കൊപ്പം പത്തനംതിട്ടയിലെ കാര്യങ്ങളും അന്വേഷിച്ചറിഞ്ഞു. പ്രവർത്തകരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ നൽകിയ വിജയപ്രതീക്ഷയുടെ ആത്മവിശ്വാസത്തിലായിരുന്നു അടൂർ പ്രകാശ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്ത് പതിവ് പോലെ മണ്ഡലത്തിൽ നിറഞ്ഞുനിന്നു. പകൽ കൂടുതൽ സമയവും ആ​റ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പാർലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസിലുണ്ടായിരുന്നു. ഓരോ സ്ഥലത്ത് നിന്നുമുള്ള പോളിംഗ് സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. കണക്കുകൾ നൽകുന്ന പ്രതീക്ഷയിൽ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹവും. ഓരോ ബൂത്തിലും തങ്ങൾക്കു ലഭിക്കാവുന്ന വോട്ടുകളുടെ വിലയിരുത്തലായിരുന്നു ഓഫീസിൽ നടന്നത്. ഇതിനിടയിൽ പ്രവർത്തകരും അനുഭാവികളും സുഹൃത്തുക്കളുമെല്ലാം എത്തി സമ്പത്തിനെ കാണുകയും വിജയാശംസകൾ നേരുകയും ചെയ്തു. വിവാഹ, മരണ വീടുകളിലും സാന്നിദ്ധ്യം അറിയിച്ചു.
യോഗങ്ങളിൽ പങ്കെടുത്തും വിലയിരുത്തലുകൾ നടത്തിയും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും ആറ്റിങ്ങലിൽ നിറസാന്നിദ്ധ്യമായി. ആ​റ്റിങ്ങൽ കച്ചേരി നടയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസിൽ നടന്ന രണ്ട് യോഗത്തിലും പങ്കെടുത്ത് വിലയിരുത്തലുകൾ നടത്തി. പാർട്ടി പ്രവർത്തകരും നേതാക്കളുമായി ആശയ വിനിമയം നടത്തി. ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്റെയും നേതാക്കൾ ശോഭാ സുരേന്ദ്രനെ സന്ദർശിച്ചു.