ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിന്റെ ധനവിനിയോഗത്തിൽ ക്രമക്കേടെന്ന് ആരോപണം.

ആറ്റിങ്ങൽ: ഉപജില്ലാ കലോത്സവത്തിന്റെ ധനവിനിയോഗത്തിൽ ക്രമക്കേടെന്ന് ആരോപണം. പ്രളയത്തെത്തുടർന്ന് ചെലവ് ചുരുക്കിനടത്തിയ കലോത്സവത്തിന്റെ വരവ്ചെലവ് കണക്കുകൾ അദ്ധ്യാപക സംഘടനാ പ്രതിനിധികളും പ്രഥമാദ്ധ്യാപക പ്രതിനിധികളും അടങ്ങിയ സംഘാടക സമിതി വിളിച്ചു ചേർത്ത് അവതരിപ്പിച്ച് അംഗീകരിക്കുന്നതിനു മുൻപ് തന്നെ വകമാറ്റി ചെലവാക്കി എന്നാണ് കെ.പി.എസ്.ടി.എയുടെ ആരോപണം.

പ്രളയത്തെത്തുടർന്ന് രണ്ടു ദിവസമായി ചുരുക്കിയ കലോത്സവത്തിന് മുൻ വർഷങ്ങളിലേതുപോലെ നാലു ദിവസങ്ങളിലായി പ്രൈമറി വിഭാഗത്തെ ഉൾപ്പെടുത്തി നടത്തിയപ്പോഴുണ്ടായിരുന്ന തുക തന്നെ പ്രോഗ്രാം കമ്മിറ്റി ചെലവഴിക്കുകയായിരുന്നു. കെ.എസ്.ടി.എയാണ് പ്രോഗ്രാം നടത്തിയത്. മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ തുക കലോത്സവം നടന്ന രണ്ടു സ്കൂളുകളുമായി വീതിച്ചെടുക്കുകയും ചെയ്തു. കുട്ടികൾക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഒഴിവാക്കിയിട്ടാണ് ഈ ദുർവിനിയോഗം. ജനാധിപത്യരീതിയിൽ വിവിധ സംഘടനകളെ വിളിച്ച് കൂടിയാലോചന നടത്തിയാണ് സാധാരണ കലോത്സവത്തിന്റെ ധനവിനിയോഗം ചർച്ച ചെയ്ത് തീരുമാനിക്കുന്നത്. എന്നാൽ ഇത്തവണ കെ.എസ്.ടി.എ പ്രതിനിധികൾ മാത്രം ചേർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ മറ്റു സംഘടനകളെ അറിയിക്കാതെ സ്കൂൾകുട്ടികളിൽ നിന്ന് കലോത്സവ നടത്തിപ്പിനായി പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു- കെ.പി.എസ്.ടി.എ ആരോപിച്ചു.