ബിജെപി പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

നെടുമങ്ങാട്: ബി.ജെ.പി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ വാഹന പര്യടനം കഴിഞ്ഞു മടങ്ങുന്നതിനിടെ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വെട്ടിപ്പരിക്കേല്പിക്കാൻ ശ്രമിച്ചു. അക്രമത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട യുവാവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. പുലിപ്പാറ തുഷാര ഹൗസിൽ കേശവൻനായരുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവർത്തകനും കേശവൻനായരുടെ മകനുമായ രതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുചക്ര വാഹനങ്ങളിൽ ഒരുസംഘം പിന്തുടരുകയായിരുന്നുവെന്നും വീട്ടിലെത്തിയ ഉടനെ ഒരാൾ ഗേറ്റിനുള്ളിൽ പ്രവേശിച്ച് വാൾ വീശിയെന്നും രതീഷ് പരാതിയിൽ പറയുന്നു. രതീഷ് വീടിനുള്ളിൽ കയറി വാതിലടച്ചതിന് പിന്നാലെ സംഘം വീടിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ വീടിന്റെ ജനൽ, വാതിൽ, ചെടിച്ചെട്ടികൾ എന്നിവ തകർന്നു. ബി.ജെ.പി പ്രവർത്തകന്റെ വീട് ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയൻ ആവശ്യപ്പെട്ടു.