കുപ്പി വെള്ളത്തിന് 10 രൂപ മതി, പകൽകൊള്ളയടിക്കാൻ ഈ ഹോട്ടൽ ഉടമ തയ്യാറല്ല !

അഞ്ചുതെങ്ങ് : കനത്ത ചൂടിൽ എത്ര വെള്ളം കുടിച്ചാലും മതിവരില്ല. യാത്രക്കാർ അധികവും ആശ്രയിക്കുന്നത് കുപ്പിവെള്ളമാണ്. എന്നാൽ കുപ്പിവെള്ളത്തിന് തോന്നുന്നപോലെ വില ഈടാക്കുന്നവർക്ക് മറുപടിയാണ് അഞ്ചുതെങ്ങിലെ ഹോട്ടൽ ഡാനിയേൽ.

സംസ്ഥാനത്ത് പല കടകളിലും ഒരു കുപ്പി തണുപ്പിച്ച കുടിവെള്ളത്തിന് 15 മുതൽ മുതൽ 22 വരെ ഒരു മനസാക്ഷിയുമില്ലാതെ ഇടാക്കുമ്പോഴാണ് അഞ്ചുതെങ്ങ് സ്വദേശിയുടെ ഈ മാതൃക. മാത്രവുമല്ല തന്റെ കടയിൽ കുടിവെള്ളം ആവിശ്യപ്പെട്ടുകൊണ്ട് എത്തുന്ന എല്ലാവർക്കും തണുത്ത വെള്ളം നൽകുവാൻ മറ്റു സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഉടമ പറയുന്നു.

പൊതു വിപണിയില്‍ ഇപ്പോഴും കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയാണ് വില. കുപ്പിവെള്ളത്തിന് ഒരു ലിറ്റർ ബോട്ടിലിന് 12 രൂപയാക്കി കുറയ്ക്കാൻ കുപ്പിവെള്ള നിർമാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഒരുവർഷം മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.

സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കുപ്പിവെള്ള വില്‍പ്പനയും കൂടി. കേരളത്തിൽ നൂറ്റിയമ്പതോളം കമ്പനികൾക്കാണ് കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും വിൽക്കാനും ലൈസൻസുള്ളത്. എട്ടുരൂപ നിർമാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാള്‍ അധിക വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന നിലപാടാണ് അസോസിയേഷന്.