ചെമ്മരുതിയിൽ ‘വാക്സിൻ ഫലപ്രദം നമ്മൾ സുരക്ഷിതരാണ്’ തുടക്കമായി

ചെമ്മരുതി : രോഗ പ്രതിരോധ കുത്തിവെപ്പ് വാരാചരണത്തിൻറെ ഭാഗമായി ചെമ്മരുതിയിൽ വിപുലമായ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ‘വാക്സിൻ ഫലപ്രദം നമ്മൾ സുരക്ഷിതരാണ് ‘ എന്നതാണ് ഈ വർഷത്തെ വാരാചരണത്തിന്റെ തലവാചകം. ഇതിനോടനുബന്ധിച്ച് പഞ്ചായത്ത് അംഗൻവാടിയിൽ സംഘടിപ്പിച്ച പ്രചരണ പരിപാടി പ്രസിഡൻറ് എ.എച്ച് സലിം ഉദ്ഘാടനം ചെയ്തു.

ചെമ്മരുതി പഞ്ചായത്തിൽ 6 കുട്ടികൾ മാത്രമാണ് ഭാഗികമായി മാത്രം വാക്സിൻ എടുത്തിട്ടുള്ളത് എന്നും ബാക്കി മുഴുവൻ കുട്ടികളും പൂർണമായും വാക്സിൻ എടുത്തവരാണെന്നും പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച് സലിം പറഞ്ഞു. ഈ 6 കുട്ടികൾക്ക് കൂടി ഈ വാരാചരണകാലത്ത് വാക്സിൻ നൽകി അവരെ സുരക്ഷിതരാകാൻ നടപടി സ്വീകരിക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു.

പൂർണമായും സുരക്ഷിതമായ വാക്സിനേഷനെ ചില കേന്ദ്രങ്ങൾ സംശയത്തോടെ കാണുന്നുണ്ടെന്നും വ്യാജപ്രചരണങ്ങൾ വാക്സിനേഷന്റെ തോത് കുറയ്ക്കുവാൻ ഇടയാക്കുന്നുണ്ട് എന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോക്ടർ അൻവർ അബ്ബാസ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന വി, ശ്രീലേഖകുറുപ്പ്, ഹെൽത്ത് ഇൻസ്പെക്ടർ കെ ആർ ഗോപകുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുജി.ബി, അംഗൻവാടി വർക്കർ അനിതകുമാരി തുടങ്ങിയവർ സംസാരിച്ചു.