ഭക്ഷ്യസുരക്ഷാ സ്‌കോഡ് പരിശോധന നടത്തി, ശാർക്കരയിൽ വിവിധ സ്റ്റാളുകൾക്ക് നോട്ടീസ് നൽകി

ചിറയിൻകീഴ് : ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ചിറയിൻകീഴ് സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ ലിപിൻ എൽ. എസ്സിന്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്ന താൽക്കാലിക ഫുഡ് സ്റ്റാളുകളിൽ ഭക്ഷ്യസുരക്ഷാ സ്‌കോഡ് പ്രത്യേക പരിശോധന നടത്തി. വിവിധ ഭക്ഷ്യവസ്തുക്കളുടെയും മിഠായികളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ന്യൂനതകൾ കണ്ടെത്തിയ കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന സ്റ്റാളുകളിൽ പലതും ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.ഭക്ഷ്യോൽപ്പാദന വിൽപ്പനയുമായി ബന്ധപ്പെട്ട കടകൾ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ കരസ്ഥമാക്കുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ജ്യൂസും മറ്റു ശീതളപാനീയങ്ങളും വിൽപന നടത്തുന്ന കച്ചവടക്കാർ ശുദ്ധജലവും ഭക്ഷ്യയോഗ്യമായ ഐസും മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശവും ഉദ്യോഗസ്ഥർ നൽകി. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ചിറയിൻകീഴ് സർക്കിൾ ഡോ ലിപിൻ എൽ.എസ്‌, ആറ്റിങ്ങൽ സർക്കിൾ ഡോ ജിഷാ രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.