ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടം ചെയ്യാൻ വിസമ്മതിച്ചെന്ന് പരാതി

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ ആത്മഹത്യ ചെയ്ത മധ്യവയസ്കന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടം ചെയ്തില്ലെന്ന് പരാതി. ഇന്ന് രാവിലെയാണ് സംഭവം. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചുതെങ്ങ്, കായിക്കര, മൂലൈതോട്ടം കുളങ്ങര പടിഞ്ഞാറ് നളന്റെ മകൻ ലാലാജി(52)യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ടി. ബി അസുഖ ബാധിതനായിരുന്ന ലാലാജി അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തൂങ്ങി മരിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. നിർദ്ധനനായ ലാലാജിക്ക് സ്വന്തമായി ഭൂമിയോ സമ്പാദ്യമോ ഇല്ല. അതുകൊണ്ട് തന്നെ കടപ്പുറം പുറമ്പോക്കിൽ കുടിൽകെട്ടിയാണ് താമസിച്ചു വന്നിരുന്നത്.

ആത്മഹത്യ വിവരം അറിഞ്ഞ് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് വിട്ടു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രവീണയെ പോസ്റ്റ്മോർട്ടം നടത്താൻ ഏൽപ്പിച്ചെന്നും തുടർന്ന് 2 മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ അവിടെ പോസ്റ്റുമാർട്ടം ചെയ്യില്ലെന്നും മെഡിക്കൽ കോളേജിൽ കൊണ്ട് പോകാനും അറിയിച്ചെന്നാണ് പരാതി. പോസ്റ്റ്മോർട്ടം നടത്തത്തിന്റെ കാരണം തിരക്കിയപ്പോൾ മരണത്തിൽ സംശയമുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതെന്നും പറയുന്നു. എന്നാൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ പൊലീസ് മരണത്തിൽ അസാധാരണയായി ഒന്നും കണ്ടെത്തിയതുമില്ലത്രേ.

സാധാരണക്കാർക്ക് വേണ്ടി സർക്കാരും പഞ്ചായത്തുമെല്ലാം കോടികൾ മുടക്കി നവീകരിക്കുന്ന താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നിഷേധിക്കുന്നത് നല്ലനടപ്പല്ലെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഇതിന് മുൻപും ഇത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്താതെ ഒഴിഞ്ഞു മാറിയ സംഭവങ്ങൾ ഉണ്ടെന്ന് പറയുന്നു. സാധാരണക്കാർക്ക് ഗുണമായി പ്രവർത്തിക്കേണ്ട താലൂക്ക് ആശുപത്രിയിൽ നിന്നും ജനങ്ങൾക്ക്‌ അനീതിയാണ് ലഭിക്കുന്നതെന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. ലൈജു പരാതി നൽകി.