ജിഷ്ണു സിവിൽ സർവീസ് പരീക്ഷയിൽ സംസ്ഥാനത്ത് നാലാമത്

പോത്തൻകോട്: സിവിൽ സർവീസ് പരീക്ഷയിൽ 132-ാമത് റാങ്ക് നേടി സംസ്ഥാനത്ത് നാലാമതെത്തിയത് ചെമ്പഴന്തി ഞാണ്ടൂർക്കോണം കണിക്കൊന്ന വീട്ടിൽ രാജു- ജഗദ ദമ്പതികളുടെ മകൻ ജിഷ്ണു ജെ.രാജുവാണ്. നാലാമത്തെ ശ്രമത്തിലാണ് ജിഷ്ണുവിനെ വിജയം തുണച്ചത്.മനസിൽ കൊണ്ടുനടന്ന ഐ.എ.എസ് സ്വപ്നം നേടാനായി തന്നെ പ്രാപ്തനാക്കിയത് ആത്മവിശ്വാസവും ലക്ഷ്യബോധവും സ്ഥിരോത്സാഹവുമാണെന്ന് ജിഷ്ണു പറയുന്നു. സിവിൽ സർവീസ് അക്കാഡമിയിൽ ആദ്യതവണ മാത്രമാണ് കോച്ചിംഗിന് പോയത്. പിന്നീടുള്ള ശ്രമങ്ങളിൽ സ്വയം പഠിച്ചെടുത്താണ് പരീക്ഷയെഴുതിയതും വിജയം കൊയ്തതും. കെ.എസ്.ഇ.ബി ശ്രീകാര്യം ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിക്കൽ വർക്ക് കോൺട്രാക്ടറാണ് ചെമ്പഴന്തി കൊന്നമൂട്ടിൽ കുടുംബാംഗമായ പിതാവ് രാജു. സഹോദരൻ വിഷ്ണു ഇന്ത്യൻ ആർമിയിൽ മേജറാണ്. ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്‌കൂളിലും ആര്യ സെൻട്രൽ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ മേക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. സിവിൽ സർവീസ് പരിശീലനത്തിനിടയിൽ ഒരു വർഷം മുൻപ് റിസർവ് ബാങ്ക് മുംബയ് ബ്രാഞ്ചിൽ മാനേജരായി ജോലി ലഭിച്ചു. മണ്ണന്തലയിലെ എസ്.സി, എസ്.ടി. സിവിൽ സർവീസ് അക്കാഡമിയിൽ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.