കോൺഗ്രസിന് ബിജെപിക്കെതിരെ പോരാടാൻ കഴിയുന്നില്ല : പിണറായി വിജയൻ

മണമ്പൂർ : രാജ്യത്തെമ്പാടും ബി.ജെ.പിക്കെതിരായ വികാരം ആഞ്ഞടിക്കുമ്പോൾ അതിന് പിൻബലമേകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണുന്നതും ഗോവയിലും ത്രിപുരയിലും ബി.ജെ.പി ഗവൺമെന്റുകൾ രൂപപ്പെടാൻ വഴിയൊരുക്കിയതിന് പിന്നിലും കോൺഗ്രസിന് ബി.ജെ.പിയോടുള്ള മൃദുസമീപനമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എ. സമ്പത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് മണമ്പൂരിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവേകൾ നടത്തി ഫലപ്രവചനം നടത്തുന്നവർ കേരളീയ മനസറിയാത്തവരാണെന്നും എൽ.ഡി.എഫിന്റെ ജനസ്വാധീനം വയനാട്ടിൽ കോൺഗ്രസ് കാണാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ആനാവൂർ നാഗപ്പൻ, ആനത്തലവട്ടം ആനന്ദൻ, വി. ശിവൻകുട്ടി, ആർ. രാമു, എ. നഹാസ് എന്നിവർ സംബന്ധിച്ചു.